ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ പ്രതിരോധ മേഖലയിൽ ഉണ്ടായിരിക്കുന്ന വെട്ടിച്ചുരുക്കൽ മൂലം വ്യോമ പ്രതിരോധ മേഖലയിലും മറ്റും ഉണ്ടായിരിക്കുന്ന വിടവ് രാജ്യത്തെ അപകടത്തിലേയ്ക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഒരുകൂട്ടം എംപിമാർ. ഉക്രൈനിനു മേലുള്ള റഷ്യൻ അധിനിവേശത്തിനു ശേഷവും പ്രതിരോധ മന്ത്രാലയം നിലവിൽ ഉണ്ടായിരിക്കുന്ന വെട്ടിച്ചുരുക്കലുകൾ നികത്താത്തത് അപകടത്തിലേയ്ക്ക് നയിക്കുമെന്നാണ് ഡിഫൻസ് സെലക്ട് കമ്മിറ്റിയിലെ എംപിമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. C-130 ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഫ്ലീറ്റിന്റെ കാലാവധി 7 വർഷം കൂടി നിലനിൽക്കെ, അത് നിർത്തലാക്കിയ തീരുമാനത്തെയും കമ്മറ്റി വിമർശിച്ചു. ഇത്തരത്തിൽ ഉയർന്ന ശേഷിയുള്ള ഒരു സൈനിക വിമാനത്തിന്റെ കാലാവധിക്ക് മുന്നേയുള്ള ഒഴിവാക്കൽ തികച്ചും തെറ്റായ തീരുമാനമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ ഇ -7 വെഡ്ജ്ടെയിൽ വാണിംഗ് എയർക്രാഫ്റ്റുകളുടെ എണ്ണം അഞ്ചിൽ നിന്നും മൂന്നായി കുറയ്ക്കാനുള്ള തീരുമാനവും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളെയും മാനുഷിക ദൗത്യങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള റോയൽ എയർ ഫോഴ്സിന്റെ ശേഷിയെ കുറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളന്ന് എംപിമാർ കുറ്റപ്പെടുത്തി.


വിമാനങ്ങളുടെ ലഭ്യത കുറവായതിനാൽ പൈലറ്റുമാരെ ഫാസ്റ്റ് ജെറ്റ് പരിശീലനത്തിനായി വിദേശത്തേക്ക് അയയ്ക്കുന്നതിന് പ്രതിരോധ മന്ത്രാലയം 55 മില്യൺ പൗണ്ടിലധികം ചെലവഴിക്കേണ്ടി വരുമെന്നും എംപിമാർ അഭിപ്രായപ്പെട്ടു. പറക്കൽ പരിശീലനത്തിനായി സിമുലേറ്ററുകൾ ഉപയോഗിക്കാമെന്നുള്ള ആശയം ഉണ്ടെങ്കിലും ഇത് ഒരിക്കലും യഥാർത്ഥത്തിലുള്ള പറക്കൽ പരിശീലനം പോലെ ആകില്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ വായു സേന ശക്തമായി തന്നെ തുടരേണ്ടതിന്റെ ആവശ്യകത പ്രതിരോധ കമ്മിറ്റി ചെയർമാൻ തോബിയസ് എൽവുഡ്‌ എടുത്തുകാട്ടി.