ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍.സ്ത്രീകളെയും കുട്ടികളെയും തടവിലിട്ടാണ് ലൈംഗിക പീഡനത്തിന് വിധേയരാക്കിയതെന്നും മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ജീവിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വ വിദ്യാലയത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് കഴിഞ്ഞദിവസമാണ്ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.വീരേന്ദര്‍ ദേവ ദീക്ഷിത് ആണ് ഇതിന്റെ സ്ഥാപകന്‍. ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടത്.
നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായുള്ളത്. പലരും മൃഗങ്ങള്‍ക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മോശമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ബഹുഭൂരിഭാഗവും അതിക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. ചെറിയ ചെറിയ കൂടുകളിലാണ് ഇവരില്‍ പലരെയും താമസിപ്പിച്ചിരുന്നത്. 25 വര്‍ഷത്തോളമായി നരകയാതന അനുഭവിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടും. എളുപ്പം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഉരുക്ക വാതിലുകലാണ് ഓരോ മുറിയെയും വേര്‍തിരിച്ചിരുന്നത്.
പ്രാഥമികാന്വേഷണത്തില്‍ആശ്രമത്തിലെ പല അന്തേവാസികള്‍ക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായി കണ്ടെത്തി. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ആശ്രമത്തിന്റെ പരിസരത്ത് നിന്ന കണ്ടെടുത്തു. ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് ചാടാതിരിക്കാന്‍ മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ട സന്നദ്ധ സംഘടന കോടതിയില്‍ ചൊവ്വാഴ്ച്ച പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹരിയാനയിലെ വിവാദ സന്യാസി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ഡേരാ സച്ഛാ സൗധ ആശ്രമത്തിന്റേതിനു സമാനമായ സാഹചര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ആശ്രമത്തില്‍ പരിശോധന നടത്താന്‍ ചൊവ്വാഴ്ച പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിലെത്തിയ തങ്ങളെ അവിടത്തെ അന്തേവാസികള്‍ കൈയേറ്റംചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്കുപോയ സംഘം കോടതിയെ അറിയിച്ചു.
നൂറോളം പെണ്‍കുട്ടികളെ അവിടെ തടവിലാക്കിയിട്ടുണ്ടെന്നും അവരില്‍ ഭൂരിപക്ഷവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഘം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്. അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിക്കാനും സി.ബി.ഐ. ഡയറക്ടര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
ആശ്രമത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
Leave a Reply