ഡല്‍ഹിക്കാര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല 2018 ജൂലൈ ഒന്നാം തീയതി. അന്നായിരുന്നു വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരാണ് ഒരു ദിവസം ജീവനൊടുക്കിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിൽ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറൻസിക് ലാബിൽ നിന്നുള്ള പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളിൽ ചിലരാണു സംഭവം വിഷം നൽകിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്. ‘സൈക്കോളജിക്കൽ ഓട്ടോപ്സി’ എന്ന അപൂർവ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല.
ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിത നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സന്ത് നഗര്‍ നിവാസികൾ ഭീതിയോടെയായിരുന്നു പിന്നീടുള്ള നാളുകളിൽ ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീടിനെ നോക്കിക്കണ്ടിരുന്നത്. രാത്രിയിൽ ആ വീടിനു സമീപത്തെ റോഡ് വിജനമായിക്കിടന്നു. പുറത്തിറങ്ങാൻ പോലും പലരും ഭയന്നു.
ഒന്നരക്കൊല്ലമായി ഈ വീട് ശൂന്യമാണ്. ഭൂതബംഗ്ളാവെന്നാണ് നാട്ടുകാര്‍ പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. വാടകയ്ക്കു താമസിക്കാനും വാങ്ങാനും ആരും തയ്യാറായില്ല. പലരും വാങ്ങാന്‍ തയ്യാറായി വന്നെങ്കിലും കൂട്ടമരണങ്ങളുടെ കഥകള്‍ കേട്ട് പിന്‍മാറി. താമസിക്കാന്‍ തയ്യാറായവര്‍ ആത്മാക്കളുെട ശബ്ദം കേട്ടെന്നു പറഞ്ഞ് പതുക്കെ പിന്‍വാങ്ങി.
എന്നാല്‍ ഇപ്പോള്‍ ശനിദശ മാറിയെന്നാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. എല്ലാ കഥകളും അറിഞ്ഞിട്ടും ഇവിടെ താമസിക്കാന്‍ ഒരാള്‍ വന്നിരിക്കുന്നു. ‘ഭൂതത്തിലും പ്രേതത്തിലു ം ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ പ്രതീക്ഷിച്ച വാകടകയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് കിട്ടി’ എന്നാണ് പത്തോളജിസ്റ്റായ ഡോ. മോഹന്‍ കശ്യപ് പറഞ്ഞത്. ഭാര്യയും രണ്ട് മക്കളും തന്റെ കൂടെയുണ്ടാകും. വെറും 25,000 രൂപയാണ് വാടക. ഈ വാടകയ്ക്കു ഇത്രയും സൗകര്യമുള്ള ഒരു വീട് ഇവിടെ വേറെ കിട്ടില്ലെന്നും മോഹന്‍ കശ്യപ് പറഞ്ഞു.
ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തിന്റെ പേരിലാണ് ഇപ്പോൾ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബർ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടിൽ താമസിച്ചത്. ഒട്ടേറെ പൂജാകർമങ്ങൾ ചെയ്തതിനു ശേഷമായിരുന്നു അത്.
Leave a Reply