ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട ഡൽഹിയിലെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ വൻട്വിസ്റ്റ്. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാനായി കൊലപ്പെടുത്താൻ ഇയാൾ സ്വയം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡൽഹി ഇന്ദ്രപ്രസ്ഥ എക്‌സറ്റൻഷനിൽ താമസിക്കുന്ന ഗൗരവിനെ(37) ജൂൺ ഒമ്പതിനാണ് കാണാതായത്. രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബൻസാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി റാൻഹൗലയിൽ ഗൗരവിനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായതിനാൽ തന്നെ കൊലപാതകമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. സംഭവത്തിൽ ഗൗരവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമായി ഗൗരവ് ഫോണിൽ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഈ ക്വട്ടേഷന് വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഗൗരവ് തെരഞ്ഞെടുത്തത്. തന്നെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചതിനൊപ്പം തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനൽകിയിരുന്നു.

ജൂൺ ഒമ്പതിന് പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ച് ഗൗരവ് റാൻഹൗലയിൽ എത്തിയത്. തുടർന്ന് ഗൗരവിനെ പ്രതികൾ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകൾ ബന്ധിച്ചശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, എത്ര തുകയ്ക്കാണ് ഗൗരവ് ക്വട്ടേഷൻ നൽകിയതെന്നോ എത്ര തുകയ്ക്കാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.

ബിസിനസുകാരനായ ഗൗരവ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഭാര്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു.