ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈദരാബാദിൽ തൻെറ പൂർവികരോടൊപ്പം സംസ്‌കരിക്കാൻ ആഗ്രഹിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) പുറപ്പെടുവിക്കുന്നത് നിഷേധിച്ചിരുന്നു. മരണസമയത്ത് മരിച്ചയാൾക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഇല്ലെന്ന് പറഞ്ഞാണ് ഹൈക്കമ്മീഷൻ ഇത് നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചയാൾ ഇന്ത്യൻ വംശജൻ ആണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സഞ്ജീവ് നരുല എൻഒസി നൽകാൻ നിർദേശിക്കുകയായിരുന്നു.

ഇന്ത്യൻ പൗരനായ ഹർജിക്കാരൻ മരിച്ചയാൾ ഇന്ത്യൻ വംശജൻ ആയിരുന്നെന്നും ഇന്ത്യൻ പാസ്‌പോർട്ട് യഥാർത്ഥത്തിൽ കൈവശം വെച്ചിരുന്നുവെന്നും തെളിയിച്ചു. വ്യത്യസ്‌ത ഇന്ത്യൻ ഹൈക്കമ്മീഷനുകൾ പിന്തുടരുന്ന നിയമങ്ങളിലെ “വൈരുദ്ധ്യം” ഡൽഹി ഹൈക്കോടതി ചൂണ്ടി കാണിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻെറ നിയമം അനുസരിച്ച് മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഒ.സി.ഐ കാർഡ് ആവശ്യമാണ്. മറ്റ് പല രാജ്യങ്ങളിലും ഇത്തരം കർശന നിയമങ്ങൾ ഇല്ല. ഈ പൊരുത്തക്കേട് ഏകപക്ഷീയമാണ് എന്ന് വിമർശിച്ച കോടതി, നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൻ്റെ ലംഘനമാണെന്ന് ഇതെന്ന് കൂട്ടിച്ചേർത്തു.

മരണപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒസിഐ കാർഡ് ആവശ്യപ്പെടുന്നതിനെ ചോദ്യം ചെയ്‌ത ഹൈക്കോടതി ഇത് മരിച്ചയാളുടെ കുടുംബപരവും സാംസ്കാരികവുമായ ബന്ധങ്ങളെ ബഹുമാനിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായി കുറ്റപ്പെടുത്തി. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങൾ യുകെയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കമ്മീഷനോട് നിർദ്ദേശിച്ചുകൊണ്ടുള്ള മന്റാമസ് കോടതി പുറപ്പെടുവിച്ചു. മൃതശരീരങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് ഒസിഐ കാർഡ് പോലുള്ള പ്രത്യേക തിരിച്ചറിയൽ രേഖകളെ ആശ്രയിക്കരുതെന്നും ഹർജിക്കാരൻ വാദിച്ചു.