തലസ്ഥാനത്ത് അരങ്ങേറുന്ന ആക്രമണങ്ങളില്‍ ഡല്‍ഹി പൊലിസിനെ പരസ്യമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കലാപം നിയന്ത്രിക്കാന്‍ പൊലിസ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് വേണ്ടത്ര പൊലിസുകാരെ അത്തരം പ്രദേശങ്ങളില്‍ വിന്യസിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിക്കു പുറത്തുള്ളവര്‍ അക്രമത്തിനായി എത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, പൊലിസിനെതിരേയുള്ള ആരോപണങ്ങള്‍ തള്ളി പൊലിസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ പൊലിസുകാരെ വിന്യസിച്ചിട്ടില്ലെന്ന ആരോപണവും അവര്‍ നിഷേധിച്ചു. നേരത്തെ, പൊലിസുകാര്‍ കുറവാണെന്നുകാണിച്ച് ഡല്‍ഹി പൊലിസ് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രാലയം വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നായിരുന്നു ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായികിന്റെ പ്രതികരണം. എന്നാല്‍, മതിയായ പൊലിസുകാരെ വിന്യസിച്ചില്ലെന്നു കഴിഞ്ഞ ദിവസം ചില പൊലിസ് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസുകാരനായ രത്തന്‍ലാലിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജ്‌ലാല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കോടതി വാദം കേട്ടുകൊണ്ടാണ് പൊലിസിന് കോടതി നിര്‍ദേശം നല്‍കി. 250ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്.
പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മുസ്തഫാബാദ് മേഖലയിലെ അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്നും ജിടിബി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാല്‍ അതിന് കലാപകാരികള്‍ തടസ്സമായി നില്‍ക്കുന്നുണ്ടെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സൂരൂര്‍ മന്ദര്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ് ഇവരെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.രണ്ട് പേര്‍ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ ജഡ്ജിയോട് വിശദീകരിച്ചു.
ഹര്‍ജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും.ഇന്നും വടക്കുകിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ അടച്ചിടുമെന്ന് ഇന്നലെ തന്നെ വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദി അറിയിച്ചു.അക്രമം തുടങ്ങിയത് തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളെല്ലാം ട്രംപിന്റെയും മോദിയുടെയും പരിപാടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച സമയത്തായിരുന്നു ആക്രമം.
Leave a Reply