മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിന്റെ(77) മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡല്‍ഹി പോലീസ്. ജോര്‍ജ് മുത്തൂറ്റ് ഇന്നലെയായിരുന്നു മരിച്ചത്. ഇത് സാധാരണ മരണം എന്ന നിലയിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ഡല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്. ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നും വീണാണ് ജോര്‍ജ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലാം നിലയില്‍ നിന്നും വീണ് പരുക്ക് പറ്റിയ ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. അപകട സ്ഥലത്ത് എത്തിയ ഡല്‍ഹി പോലീസ് സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി. വസതിയുടെ സമീപമുള്ള എല്ലാ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

1945 നവംബര്‍ രണ്ടിന് കോഴഞ്ചേരിയിലാണ് ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂൂട്ടില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം നേടി. ഹാവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ഇപരിപഠനം നടത്തി. ഓര്‍ത്തോഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എംഡിയായി. 1993ല്‍ ചെയര്‍മാനായി. ഇന്ത്യന്‍ ധനികരുടെ 2020ലെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും എത്തിയിരുന്നു. എന്‍ആര്‍ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.