ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാള്‍ നഗര്‍ സ്‌കൂളിലാണ് സംഭവം. തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്. സ്‌കൂളിലെ ടോയ്‌ലറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ തുഷാര്‍ പിന്നീട് മരിക്കുകയായിരുന്നു. സ്‌കൂളിലെ വാഷ്‌റൂമില്‍ വച്ച് തുഷാറും സഹപാഠികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹപാഠികള്‍ തുഷാറിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ക്ലാസ് മുറിയില്‍ വച്ച് ആരംഭിച്ച സംഘര്‍ഷം വാഷ്‌റൂമിലും തുടരുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുഷാറിനെ മര്‍ദ്ദിച്ച സഹപാഠികളെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹപാഠികള്‍ക്കെതിരെ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതോടെയാണ് ഇവരെ പിടികൂടിയത്. സഹപാഠികള്‍ മകനെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് തുഷാറിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുഷാറിന്റെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അധികൃതര്‍ പ്രതികരിച്ചു. തുഷാറിനെ ടോയ്‌ലറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സഹപാഠികളേയും മറ്റ് വിദ്യാര്‍ത്ഥികളേയും പോലീസ് ചോദ്യം ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കളും മറ്റ് രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ഡല്‍ഹിയിലും നടന്നത്. അന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലക്കത്തിക്ക് ഇരയായത്. ആദ്യം സ്‌കൂള്‍ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പോലീസ് വിശദമായ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയായിരുന്നു. പഠനത്തില്‍ പിന്നോക്കമായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടി കൊലപാതകം നടത്തിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
Leave a Reply