ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14-ന് പുറപ്പെടുവിക്കും. 21 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. 22-ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24 ആണ് നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കും. പതിനൊന്നിനാണ് വോട്ടെണ്ണൽ. 70 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. ഏഴുമാസം മുന്‍പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വരുന്ന പ്രധാന തെരഞ്ഞെടുപ്പെന്ന നിലയിൽ മാത്രമല്ല, രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ സൂചനകൾ നൽകുന്ന തെരഞ്ഞെടുപ്പു ഫലം കൂടിയായിരിക്കുമിത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭത്തെ നേരിടുന്ന അവസരത്തിൽ ഈ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചും ഏറെ നിർണായകമാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന ഡൽഹിയിൽ സർക്കാരിന്റെ നയങ്ങളും ഭരണവും എത്രത്തോളം ജനകീയമായിരുന്നു എന്നു കൂടി തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയും. പ്രാദേശിക വിഷയങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏറെയും പ്രതിഫലിക്കുക എന്നു പറയാറുണ്ടെങ്കിലും ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മറ്റു പല ഘടകങ്ങളും നിർണായകമാവാറുണ്ട്. ഡൽഹിയെ സംബന്ധിച്ച് തലസ്ഥാനമെന്ന രീതിയിൽ അധികാരങ്ങൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വിഭജിച്ചു നിൽകിയിരിക്കുകയാണ്.
പോലീസും ആഭ്യന്തരവുമെല്ലാം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്. എന്തായാലും ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ഡൽഹി ഞങ്ങൾ എടുക്കും എന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നു കഴിഞ്ഞു. ദീർഘകാലം കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഡൽഹിയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിയാണ് ഭരണത്തിൽ. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഏറെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത്. ജനപ്രിയ പദ്ധതികളും അഴിമതി രഹിത ഭരണവുമെല്ലാം ചേർന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേജരിവാൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആം ആദ്മി പാർട്ടിക്ക് നല്ല വേരോട്ടമുള്ള ഡൽഹിയിൽ വീണ്ടും ഭരണത്തിലെത്താമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ ബിജെപിയും കോണ്‍ഗ്രസും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള പാർട്ടികൾ തന്നെയാണെന്നതും വസ്തുതയാണ്. കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിൽ ഡൽഹി തൂത്തുവാരിയ ബിജെപി ഇപ്പോഴും ആ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. കോണ്‍ഗ്രസാകട്ടെ ഷീലാദീക്ഷിത്തിലൂടെ തങ്ങൾ നേടിയ സ്വാധീനം ഇനിയും അസ്തമിച്ചിട്ടില്ലെന്നു കരുതുന്നു. ഡൽഹി സംസ്ഥാനം രൂപീകരിച്ചതിനുശേഷം 1993ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു അധികാരത്തിൽ വന്നത്. മദൻലാൽ ഖുറാനയായിരുന്നു ആദ്യ മുഖ്യമന്ത്രി. പിന്നീട് 98ൽ നടന്ന തെരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. തുടർച്ചയായി മൂന്നു ടേം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പിന്നീട് ആം ആദ്മി പാർട്ടിക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു.
2015ൽ ആം ആദ്മി പാർട്ടി രണ്ടാം തവണ അധികാരത്തിലേറിയത് 70ൽ 67 നിയമസഭാ മണ്ഡലങ്ങളും നേടിക്കൊണ്ടായിരുന്നു. കോണ്‍ഗ്രസ് ആകട്ടെ നാമാവിശേഷമാവുകയും ചെയ്തു. 2020ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് ഇനിയും പറയാറായിട്ടില്ല. ഒറ്റയ്ക്ക് പൊരുതി നേടാനൂള്ള ശേഷി കോണ്‍ഗ്രസിനില്ല. ഷീലാദീക്ഷിത്തിനു ശേഷം മികച്ചൊരു നേതാവിനെ ഡൽഹിയിൽ ഇനിയും കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. മരിക്കുന്നതുവരെ ഷീലയായിരുന്നു ഡൽഹി കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം ഇരുപാർട്ടികൾക്കും ഗുണം ചെയ്യുമെങ്കിലും ഇതുസംബന്ധിച്ച് ഇരു പാർട്ടി നേതാക്കൾക്കുമിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ബിജെപിയാകട്ടെ ഏതുവിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. പൗരത്വ നിയമത്തിനെതിരേയുള്ള വിദ്യാർഥി പ്രക്ഷോഭം ഏറ്റവും ശക്തമായി നടന്ന ഡൽഹിയിൽ ഇപ്പോഴത്തെ രാഷ്ട്രീയം എങ്ങനേയും തങ്ങൾക്ക് അനുകൂലമാക്കാനുള്ള കരുനീക്കങ്ങളിലാണ് ബിജെപി.
Leave a Reply