കാറിനടിയില്‍പ്പെട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാർ ഇടിച്ചുവീഴ്ത്തിയതിനെ തുടർന്നാണ് കാറിനടിയില്‍ കുടുങ്ങി യുവതി വലിച്ചിഴയ്ക്കപ്പെട്ടത്.
ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹൃദയഭേദകമായ സംഭവം. കാഞ്ചവാല പ്രദേശത്ത് നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് അപകടമരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം വലിച്ചിഴച്ച് നീങ്ങുന്ന കാറിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ നാലേകാലോടെ റോഡില്‍ മരിച്ചനിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അഞ്ച് പേര്‍ സഞ്ചരിച്ച ബലേനോ കാറാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ കാറിനേയും കാറില്‍ സഞ്ചരിച്ചവരേയും തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിടിച്ചതിനെ തുടര്‍ന്ന് പരിഭ്രമത്തിലായ യുവാക്കള്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയും പ്രതികളും തമ്മില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
അമന്‍ വിഹാര്‍ സ്വദേശിയാണ് മരിച്ച യുവതി. അമ്മയും നാല് ഇളയ സഹോദരിമാരും രണ്ട് സഹോദരന്‍മാരും യുവതിക്കുണ്ട്. അച്ഛന്‍ ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.പ്രതികള്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായും വിഷയം ഏറെ ഭയമുളവാക്കുന്നതാണെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഡല്‍ഹി പോലീസിനോട് വിശദവിവരം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply