ന്യൂസ് ഡെസ്ക് മലയാളം യുകെ
20040 ഓടെ ഇംഗ്ലണ്ടിലും വെയിൽസിലും 1.7 ദശലക്ഷം ജനങ്ങളെ ഡിമെൻഷ്യ ബാധിക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതിനർത്ഥം സമീപഭാവിയിൽ എൻഎച്ച്എസിന് ഡിമെൻഷ്യ എന്ന രോഗം വലിയ ഭീഷണിയായിരിക്കുമെന്നാണ്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിലാണ് ഡിമെൻഷ്യ രോഗികളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠനത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് 2002 നും 2008 നും ഇടയിൽ ഡിമെൻഷ്യ ബാധിക്കുന്നവരുടെ എണ്ണത്തിൽ 29% കുറവ് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യമേഖലയിലെ വിദഗ്ധരെ ഞെട്ടിച്ചുകൊണ്ട് 2008 നും 2016 നും ഇടയിൽ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻവർദ്ധനവ് രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ നാലിലൊന്ന് വർദ്ധനവ് ആണ് ഈ കാലഘട്ടത്തിൽ കണ്ടെത്തിയത് . വരും വർഷങ്ങളിൽ ഡിമെൻഷ്യ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് സാമൂഹിക പരിപാലനത്തിനും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് കെയറിലെ ഡോ. യുണ്ടാവോ ചെൻ പറഞ്ഞു.
ഡിമെൻഷ്യ രോഗികളുടെ എണ്ണത്തിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകുന്ന അസാധാരണ സാഹചര്യം എത്രത്തോളം തുടരും എന്ന് പറയാൻ കഴിയില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ഈ സാഹചര്യത്തെ നേരിടാൻ യുകെ തയ്യാറാകേണ്ടതുണ്ടെന്നും രോഗബാധിതരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്തുതന്നെയായാലും അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവേഷണങ്ങളിൽ പങ്കാളിയായ പ്രൊഫ. എറിക് ബ്രണ്ണർ പറഞ്ഞു.
Leave a Reply