അദ്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് 88 കാരിയായ ഡിമെന്‍ഷ്യ രോഗിയില്‍ നിന്ന് 10,000 പൗണ്ടിന്റെ തട്ടിപ്പ്. ബാര്‍ബറ എവിറ്റ്‌സ് എന്ന സ്ത്രീയില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ നല്‍കി തട്ടിപ്പു സംഘം വന്‍ തുക ഈടാക്കിയത്. സെയില്‍സ് കോളുകളിലൂടെ ബാര്‍ബറയെ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ കബളിപ്പിച്ചു വരികയായിരുന്നു. അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമിലേക്ക് ഇവരെ മാറ്റിയപ്പോളാണ് തട്ടിപ്പ് പുറത്തായത്. ബാര്‍ബറയുടെ അക്കൗണ്ടില്‍ വെറും 30 പൗണ്ട് മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ബാണ്‍സ്ലിയിലെ വൂംബ് വെല്ലില്‍ ബാര്‍ബറ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മകനായ പോള്‍ 400 മരുന്നു ബോക്‌സുകള്‍ കണ്ടെത്തുകയായിരുന്നു. ഒരു പെട്ടിക്കുള്ളില്‍ സെലറി, മഞ്ഞള്‍ എന്നിവയുടെ 22 കണ്ടെയ്‌നര്‍ എക്‌സ്ട്രാക്ട് കണ്ടെത്തി. ഇതിനായി 385 പൗണ്ടാണ് വൃദ്ധയില്‍ നിന്ന് തട്ടിപ്പുകാര്‍ ഈടാക്കിയിരുന്നത്. മറ്റൊന്നില്‍ മാതള നാരങ്ങ സത്തായിരുന്നു ഉണ്ടായിരുന്നത്. 300 പൗണ്ടായിരുന്നു ഇതിന്റെ വില.

നാല് പാക്കേജുകളിലായി 1000 പൗണ്ടിന്റെ ഉല്‍പ്പന്നങ്ങളും 135 പൗണ്ട് വിലയിട്ട് ഒമേഗ ഓയിലും തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. തങ്ങള്‍ കണ്ടിട്ടുള്ള ഏറ്റവും ദയനീയമായ തട്ടിപ്പെന്നാണ് പോലീസ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഈ വസ്തുക്കളൊന്നും ബാര്‍ബറയ്ക്ക് ആവശ്യമുള്ളതല്ലെന്ന് മകന്‍ പോള്‍ പറഞ്ഞു. ഒരു തവണ ഒരു തട്ടിപ്പുകാരന്റെ ഫോണ്‍ കോള്‍ താനാണ് എടുത്തത്. ബാങ്ക് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു അയാള്‍. ഇത് താന്‍ ചോദ്യം ചെയ്യുകയും ഇനി വിളിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ താന്‍ വീട്ടിലില്ലാത്തപ്പോള്‍ വിളിക്കുമെന്നായിരുന്നു അയാളുടെ പ്രതികരണമെന്നും പോള്‍ പറഞ്ഞു. രോഗിയും വൃദ്ധയുമായ തന്റെ അമ്മയെ വിളിക്കുന്നവര്‍ ഒരു ദയയുമില്ലതെയാണ് പെരുമാറിയതെന്നും പോള്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായ സമയത്താണ് ഇതേക്കുറിച്ച് തനിക്ക് സംശയം തോന്നിയത്. ചില അത്യാവശ്യ കാര്യങ്ങള്‍ വീട്ടില്‍ നിന്ന് എടുക്കാനുണ്ടെന്ന് അമ്മ പറഞ്ഞു. ബിസ്‌ക്റ്റുകളും കേക്കുകളും അടങ്ങിയ ഫുഡ് പാക്കേജുകളാണ് തനിക്ക് വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. അവയ്ക്ക് 125 പൗണ്ട് നല്‍കി വാങ്ങിയതായിരുന്നു. വെറും 35 പൗണ്ടിന് സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന വസ്തുക്കളായിരുന്നു അവ. എന്നാല്‍ തട്ടിപ്പ് ഇത്രയും വലിയ തോതിലുള്ളതായിരുന്നു എന്ന് മനസിലാക്കാന്‍ താന്‍ വൈകിയെന്നും പോള്‍ സമ്മതിക്കുന്നു.