ന്യൂസ് ഡെസ്ക്, മലയാളം യുകെ
മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. ഡിമെൻഷ്യ വരാൻ കാരണമായ 161 ഘടകങ്ങൾ പരിശോധിക്കുകയും മസ്തിഷ്കത്തിൽ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിൻ്റെ അവസാനത്തിൽ ആരംഭിക്കുകയും വാർദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങൾ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിർണ്ണായകമായ പഠനം നടത്തിയത്. മദ്യത്തിൻറെ അളവ് കൂടുതലാകുന്നതാണ് രോഗികൾക്ക് ഏറ്റവും പ്രശനം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത് . അപകടസാധ്യത കൂടുതലായ ശീതളപാനീയങ്ങളും പഞ്ചസാരയും കുറയ്ക്കുന്നത് രോഗികൾക്ക് ഗുണം ചെയ്യും. രോഗബാധിതർ രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നത് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി പ്രദാനം ചെയ്യും. മദ്യപാനം, പ്രമേഹം, വാഹന മലിനീകരണം എന്നിവയാണ് ഏറ്റവും ദോഷകരമെന്നാണ് പഠനം ചൂണ്ടി കാണിക്കുന്നത് .
നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ യുകെ ബയോബാങ്ക് ഡാറ്റാബേസിൽ നിന്ന് 45 വയസും അതിൽ കൂടുതലുമുള്ള 40,000 ആളുകളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത് . മദ്യപാനവും പ്രമേഹവും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ ഹാനികരമായി ബാധിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്വെനെല്ലെ ഡൗഡ് പറഞ്ഞു. രോഗസാധ്യത ഉള്ളവർ മദ്യപാനം ഒഴിവാക്കുന്നതിലൂടെ ഡിമെൻഷ്യയുടെ നിരക്ക് കുറയ്ക്കാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡിമെൻഷ്യ തടയാനോ കാഠിന്യം കുറയ്ക്കാനോ ഉള്ള മരുന്നുകൾ ഒന്നും യുകെയിൽ ലഭ്യമല്ല. എന്നാൽ ജീവിത രീതികളിലൂടെ ഡിമെൻഷ്യയെ 40 ശതമാനം വരെ തടയാൻ കഴിയുമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് യുകെയിലെ അൽഷിമേഴ്‌സ് റിസർച്ച് പോളിസി മേധാവി ഡോക്ടർ സൂസൻ മിച്ചൽ പറഞ്ഞു.
Leave a Reply