ലഡോ സരായിയിലെ നാനൂറിലേറെ സീറോ മലബാർ കുടുംബങ്ങളുടെയും നഴ്സുമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള വിശ്വാസികളുടെയും മേഖലയിലെ ഏക ആശ്രയമായിരുന്ന ലിറ്റിൽ ഫ്ളവർ കത്താലിക്കാ പള്ളിയെ മാത്രം ഒറ്റതിരിഞ്ഞ് അന്യായമായി ഇടിച്ചുനിരത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു വികാരി ഫാ. ജോസ് കണ്ണംകുഴി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നോട്ടീസിലും സർക്കാർ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായ ഹൈക്കോടതി വിധി മറ്റൊരു അന്പലത്തിന്റെ കാര്യത്തിലാണെന്നും ഇപ്പോൾ പൊളിച്ച പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവക കമ്മിറ്റിക്കാരും പറഞ്ഞു.
ഇടിച്ചുനിരത്തിയ സീറോ മലബാർ പള്ളിയുടെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ടെന്നും 40 വർഷമായി സ്ഥലത്തിന്റെ കരം, വൈദ്യുതി, വെള്ളം ചാർജുകൾ മുടക്കമില്ലാതെ അടച്ചുവരുന്നുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥനായ ജോണ് ഫിലിപ്പോസ് പറഞ്ഞു.1972ൽ കോഴി കർഷകർക്കായി സർക്കാർ തന്നെ നൽകിയ സ്ഥലമാണ് 1982ൽ താൻ വാങ്ങിയത്. ഈ സ്ഥലത്ത് കൃഷി ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചത്.
പിന്നീട് തന്റെ ആർട്ട് ഗാലറി ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. ഒഴിപ്പിക്കൽ നീക്കം വന്നപ്പോൾ ഗാലറി നിർത്തി. പിന്നീട് അഞ്ചു വർഷം സ്ഥലം വെറുതെ കിടക്കുകയായിരുന്നു. 2005ലാണ് സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥലം ഒഴിപ്പിക്കാൻ 2000ൽ സർക്കാർ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഓർഡർ വാങ്ങി. അന്നു വീടു പൊളിച്ചവർ പോലും ഇപ്പോഴും അംബേദ്കർ കോളനിയെന്നു നാമകരണം ചെയ്ത ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ, ജൈന ക്ഷേത്രം, വൈഷ്ണവ ക്ഷേത്രം, ബുദ്ധമത ആശ്രമം, സിക്ക് ഗുരുദ്വാര, മസ്ജിദ് തുടങ്ങിയവയും ആയുർവേദ കേന്ദ്രവും നിരവധി വീടുകളും പൊളിച്ച പള്ളിക്ക് അടുത്തായുണ്ട്.
ഏതെങ്കിലും ആരാധനാലയത്തെയോ വ്യക്തികളെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കാൻ പാടില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും 2016ൽ ഉത്തരവ് നൽകിയതാണ്. ലിറ്റിൽ ഫളവർ സീറോ മലബാർ പള്ളിയിൽ പഴയതുപോലെ ആരാധകൾ തുടരാമെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
പള്ളി പൊളിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി വികസന അഥോറിറ്റി (ഡിഡിഎ) ആണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമപരമായ വശങ്ങൾ അറിയില്ലെന്നും നീതി നടപ്പാക്കുമെന്നു മാത്രം ഉറപ്പു പറയുകയാണെന്നും ഗോവയിലുള്ള ഡൽഹി മുഖ്യമന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.അതേസമയം, ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ബ്ലോക് ഡെവലപ്മെന്റ് ഓഫീസറുടേതാണു പൊളിക്കലിനായി പതിച്ച നോട്ടീസെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്നാകാമെന്നും പള്ളി അധികൃതരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമായി മാത്രമേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ ലഫ്. ഗവർണറാണോ, അതോ ഭൂമി മാഫിയയുടെ താത്പര്യത്തിൽ ഉദ്യോഗസ്ഥരാണോ ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കട്ടെയെന്നും ഇടവകക്കാർ പറഞ്ഞു.
പൊളിക്കൽ നടപടി ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയാണു നടപ്പാക്കിയതെന്നാണു പ്രാഥമികമായി തനിക്കു കിട്ടിയ വിവരം. ഡിഡിഎ കേന്ദ്രസർക്കാരിന്റെ കീഴിലാണ്. ഡൽഹി സർക്കാരിന് ഒരു നിയന്ത്രണവുമില്ല- ഗോവയിൽ കേജരിവാൾ പറഞ്ഞു.
Leave a Reply