അവധിക്കാലം ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഡാനിഷ് ശതകോടീശ്വരനായ ആൻഡേഴ്സ് ഹോൾഷ് പോൾസണ് നഷ്ടപ്പെട്ടത് മൂന്ന് മക്കളെ. നാല് മക്കളിൽ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരിൽ ഒരാളാണ് പോള്‍സൺ.
”എന്റെ കാലശേഷം എന്റെ നാലുമക്കൾ സ്കോട്‌ലാൻഡിനെ വീണ്ടും പച്ചപ്പു നിറഞ്ഞതാക്കും”- ശ്രീലങ്കയിലേക്ക് പുറപ്പെടുംമുൻപ് പോൾസൺ മാധ്യമങ്ങളോട് പറഞ്ഞതാണിത്. ജന്മനാട് ഡെന്മാർക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ സ്കോട്‍ലാന്‍ഡിലാണ്.
2,20,000 ഏക്കർ ഭൂമിയാണ് പോൾസണ് സ്വന്തമായുണ്ടായിരുന്നത്. 200 വർഷം കൊണ്ട് ഈ ഭൂമിയിൽ റീ–വൈൽഡിങ് പ്രൊജക്ട് നടപ്പിലാക്കാനായിരുന്നു പദ്ധതി. അഞ്ചര ബില്യൺ പൗണ്ടിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. സ്കോട്‌ലാൻഡിൽ ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന, എന്നാൽ മനുഷ്യരുടെ ഇടപെടൽ കൊണ്ട് നാമാവശേഷമായ കാടുകളും അരുവികളും തണ്ണീർത്തടങ്ങളും പുനസ്ഥാപിക്കും എന്നും തന്റെ കാലശേഷം തങ്ങളുടെ മക്കൾ ഏറ്റെടുക്കും എന്നും പോൾസൺ പറഞ്ഞിരുന്നു.
തന്റെ സമ്പാദ്യം നാലുമക്കൾക്കുമായി വീതിച്ചുനൽകാനായിരുന്നു പോൾസന്റെ പദ്ധതി. എന്നാൽ വിധി മറ്റൊന്നായിരുന്നു. നാലുമക്കളിൽ മൂന്നുപേരെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. അൽമ, ആസ്ട്രിഡ്, ആഗ്നസ്, ആൽഫ്രെഡ് എന്നിങ്ങനെ നാല് മക്കളാണ് പോൾസണ്. ഇവരിൽ ആരൊക്കെയാണ് മരിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Leave a Reply