ദേശാഭിമാനി ജീവനക്കാരനായിരുന്ന കടുങ്ങല്ലൂര്‍ മുപ്പത്തടം രാമാട്ട് വീട്ടില്‍ മോഹൻ ((42) ദാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്‌ക്കും കാമുകനും ജീവപര്യന്തം കഠിനതടവും പിഴയും. ഭാര്യ സീമ (40), കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ‌്കുമാർ (39) എന്നിവർക്കാണു അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി എൻ വി രാജു ശിക്ഷ വിധിച്ചത്. ഗിരീഷ‌്കുമാറിനു 50,000 രൂപയും സീമയ്ക്ക‌് 10,000 രൂപയും പിഴയും വിധിച്ചു. പണമടച്ചില്ലെങ്കിൽഗിരീഷ‌്കുമാർ രണ്ടുവർഷവും സീമ ആറു മാസവും അധിക തടവുശിക്ഷ അനുഭവിക്കണം.
2012 ഡിസംബർ രണ്ടിനു രാത്രി 7.45നു കണ്ടെയ്നർ റോഡിലാണു കൊലപാതകം. സംഭവത്തിന് അഞ്ചു വർഷം മുമ്പാണു സീമയും ഗിരീഷ‌്കുമാറും പരിചയപ്പെട്ടത്. ഇരുവരും എറണാകുളത്ത് അടുത്തടുത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു. സീമയുടെ സുഹൃത്തെന്ന നിലയിൽ മോഹൻദാസിനു ഗിരീഷ‌്കുമാറിനെ അറിയാമായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തിരിമറി നടത്തി ഗിരീഷ‌്കുമാർ ഒരു കോടി രൂപയോളം കൈക്കലാക്കി. ഈ തുക ഉപയോഗിച്ചു സീമയും ഒട്ടേറെ വസ്തുക്കൾ വാങ്ങിക്കൂട്ടി. പിന്നീടു സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ പണം സ്ഥാപനത്തിലേക്കു തിരിച്ചുനൽകേണ്ടിവന്നു.
സാമ്പത്തിക ബാധ്യത തീർക്കുന്നതിനും മറ്റുകാര്യങ്ങൾക്കും മോഹൻദാസ് വഴങ്ങിയില്ല. തുടർന്ന‌് 2009 മുതൽ ഒട്ടേറെ തവണ ഇരുവരും ഗുരുവായൂരിലെ നെന്മണി ലോഡ്ജിൽ മുറിയെടുത്തു മോഹൻദാസിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചു ഗൂഢാലോചന നടത്തി. സംഭവദിവസം ജോലിക്കു പോകുകയായിരുന്ന മോഹൻദാസിനെ ഫോണിൽ വിളിച്ച സീമ,
ഗിരീഷ‌്കുമാറിന്റെ ബന്ധു ആശുപത്രിയിലാണെന്നും അയാൾ വഴിയിൽ നിൽക്കുന്നുണ്ടെന്നും ബൈക്കിൽ കയറ്റിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചു മോഹൻദാസ് ഗിരീഷ‌്കുമാറിനെ ബൈക്കിൽ കയറ്റി. യാത്രയ്ക്കിടെ മോഹൻദാസിനെ ഗിരീഷ‌്കുമാർ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽനിന്നു വീണ മോഹൻദാസ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെചെന്ന‌് ഗിരീഷ‌്കുമാർ കഴുത്തറുത്തു.
അപകടം പറ്റിയതാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മൃതദേഹവും ബൈക്കും കിടന്നിരുന്ന അകലം സംശയത്തിനിടയാക്കി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഹൻദാസ് സുഹൃത്ത് രാജീവിനെ മൊബൈൽ ഫോണിൽ വീഡിയോ കോൾ ചെയ‌്തിരുന്നു. ഗൂഢാലോചനയ്ക്കായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, പ്രതികളുടെ കോൾ ഡീറ്റയിൽസ് എന്നിവ പ്രധാന തെളിവുകളായി.
കൃത്യത്തിനുശേഷം അമ്പതോളം തവണ ഇരുവരും മപരസ്പരം വിളിച്ചിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ക്ലോറോഫോം കുപ്പി എന്നിവ അന്വേഷണസംഘം കണ്ടെത്തി. എറണാകുളം ടൗൺ നോർത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം ജി സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വിഭാഗം 45 സാക്ഷികളെ വിസ്തരിച്ചു. 69 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ജ്യോതി അനിൽകുമാർ, പി ശ്രീരാം, കെ കെ സാജിത എന്നിവർ ഹാജരായി.
Leave a Reply