ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ അങ്ങെടുത്തിട്ടും, സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ കാര്യം തഥൈവ.

പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പേരു പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ല. മന്‍ കീ ബാത്ത് അടക്കം അടുത്തയിടെ പ്രധാനമന്ത്രി നടത്തിയ ഒട്ടു മിക്ക പ്രസംഗങ്ങളിലും തൃശൂരും കേരളവും പരാമര്‍ശിച്ചിരുന്നെങ്കിലും ബജറ്റില്‍ മൗനം പാലിച്ചു.

കേരളം വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനത്തിന് ആവശ്യപ്പെട്ട 5,000 കോടിയുടെ സ്പഷ്യല്‍ പാക്കേജ് എന്നിവയൊന്നും ബജറ്റില്‍ ഇടം പിടിച്ചില്ല. ലൈറ്റ് മെട്രോ, ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍, റെയില്‍വേ വികസനം തുടങ്ങിയവയെല്ലാം സ്വപ്‌നമായി അവശേഷിക്കും.

2014 ല്‍ ഒന്നാം മോഡി സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസാണ് ഇതുവരെ പ്രാവര്‍ത്തികമാകാത്തത്. ഇതിനു ശേഷം അഞ്ച് എയിംസുകള്‍ യാഥാര്‍ത്ഥ്യമായി. കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2022 ഏപ്രിലില്‍ ധന മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അപൂര്‍വ വ്യാധികളില്‍പ്പെട്ട് കേരളം ഉഴലുന്ന സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല.

പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളത്തിന് രക്ഷയില്ല. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളം ആ പട്ടികയിലില്ല. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയപ്പോഴും കേരളത്തിലെ പ്രധാന കാര്‍ഷിക ഇനങ്ങളായ റബറിനോ തെങ്ങിനോ പ്രത്യേക പ്രഖ്യാപനവും ഒന്നും ഉണ്ടായില്ല.

എന്നാല്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചതു പോലെ കസേര ഉറപ്പാക്കുന്നതിന് വേണ്ടി നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും സുഖിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ബിഹാറും ആന്ധ്രയും ആവശ്യപ്പെട്ട പ്രത്യേക പദവി നല്‍കിയില്ലെങ്കിലും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ നല്‍കി നിതീഷിന്റെയും ചന്ദ്രബാബുവിന്റെയും പ്രീതി നേടി.

2600 കോടി രൂപയാണ് ബിഹാറിലെ റോഡ് വികസനത്തിന് മാത്രമായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. പാറ്റ്ന-പൂര്‍ണിയ, ബസ്‌കര്‍- ഭഗല്‍പൂര്‍, ബോദ്ഗയ-രാജ്ഗിര്‍, വൈശാലി-ദര്‍ബാന്‍ഗ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയാണ് പ്രധാന റോഡ് വികസന പദ്ധതി.

കൂടാതെ പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ഗംഗാ നദിക്ക് കുറുകെ രണ്ടുവരി മേല്‍പ്പാലം, 2400 മെഗാവാട്ടിന്റെ പവര്‍ പ്ലാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ഭഗല്‍പൂരിലെ പിര്‍പൈന്തിയിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. ഗയ, രാജ്ഗിര്‍ എന്നിവയെ ബന്ധപ്പെടുത്തി ക്ഷേത്ര ഇടനാഴിയും പണിയും. പ്രളയ നിവാരണത്തിന് 11,500 കോടിയാണ് ബിഹാറിനായി ബജറ്റില്‍ മാറ്റിവച്ചത്.

ആന്ധ്രാപ്രദേശിനും നിര്‍മലാ സീതാരാമന്‍ വാരിക്കോരി നല്‍കി. അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് മാത്രം 15,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ വരും വര്‍ഷങ്ങളില്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ആന്ധ്രയിലെ കാര്‍ഷിക മേഖലയ്ക്ക് ഏറെ നിര്‍ണായകമായ പൊള്ളാവരം ജലസേചന പദ്ധതിക്ക് ധനസഹായം അനുവദിച്ചു. സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഇത്തരത്തില്‍, ഒട്ടും ഗ്യാരന്റിയില്ലാത്ത രണ്ട് സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന് മറ്റ് പല സംസ്ഥാനങ്ങളെയും തഴഞ്ഞ് ബിഹാറിനും അന്ധ്രാപ്രദേശിനും മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന പ്രതിപക്ഷ വിമര്‍ശനം ശരി വയ്ക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.