ലണ്ടന്‍: ഇല്ലാത്ത അസുഖമുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് ഇന്ത്യന്‍ വംശജയായ യുവതി തട്ടിയെടുത്തത് 250,000 പൗണ്ട്. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് 36കാരിയായ ജാസ്മിന്‍ മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് ക്യാന്‍സറാണെന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു ഭര്‍ത്താവ് അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസിക സമ്മര്‍ദ്ദത്തിലൂടെയും വിജയ് കടന്നുപോയി. ഏതാണ്ട് നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്‍കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു.

ഫെയിസ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയയിലും തുടങ്ങി നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന്‍ സ്വന്തം ഡോക്ടറെ വരെ ഉണ്ടാക്കി. പണം നല്‍കിയ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ബോധ്യപ്പെടുത്തി. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന്‍ ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന്‍ പറഞ്ഞു. വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ പിടികൂടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാസ്മിന്‍ തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്‌കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ വെളിച്ചത്തായി. വിജയ് കാണിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര്‍ ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പ് ചെയ്തിരുന്ന ജോലി സംബന്ധിച്ച് വധഭീഷണി നിലനില്‍ക്കുന്നതായും ജാസ്മിന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്നു.