പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന ബിജെപി പശ്ചിമബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്ഷീരകർഷകൻ തന്റെ പശുക്കളുമൊയി സ്വർണപ്പണയം വെക്കാൻ ബാങ്കിലെത്തി. ബംഗാളിലെ മണപ്പുറം ഫിനാൻസ് ശാഖയിലേക്കാണ് ബംഗാളിലെ ദങ്കുനി പ്രദേശത്തുള്ള ഒരു കർഷകനാണ് പ്രതീക്ഷയോടെ മണപ്പുറം ഫിനാൻസുകാരെ സമീപിച്ചത്.
നാടൻ പശുവിന്റെ പാലിൽ സ്വർണമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന. “പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് കേട്ടു. എനിക്ക് 20 പശുക്കളുണ്ട്. എന്റെ കുടുംബം കഴിയുന്നത് ഈ പശുക്കളെ ഉപജീവിച്ചാണ്. എനിക്ക് സ്വർണ ലോൺ കിട്ടുകയാണെങ്കിൽ എന്റെ കച്ചവടം ഒന്നുകൂടി വിപുലീകരിക്കാമായിരുന്നു,” കർഷകൻ തന്നെ സമീപിച്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേ കർഷകൻ ജീവിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് മനോജ് സിങ്ങിനെത്തേടി ദിവസവും ആളുകൾ പശുക്കളുമായി വരികയാണത്രെ. എല്ലാവർക്കും അറിയേണ്ടത് എത്ര ലോൺ കിട്ടുമെന്നാണ്. ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് ഈ പ്രശ്നത്തിനെല്ലാം കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.
“ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതിന് ദിലീപ് ഘോഷിന് നോബൽ സമ്മാനം കിട്ടണം. എല്ലാ ദിവസവും ക്ഷീരകർഷകർ എന്നെത്തേടി വരികയാണ്. 15-16 ലിറ്റർ പാൽ കറക്കുന്നുണ്ടെന്നും എത്ര ലോൺ കിട്ടുമെന്നും പശുക്കളെ കാണിച്ച് അവർ ചോദിക്കുന്നു,” പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇതെല്ലാം കേട്ട് നാണക്കേട് തോന്നുന്നു. ഒരു രാഷ്ട്രീയ നേതാവ് ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും പാർപ്പിടത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്. പക്ഷെ ബിജെപിക്ക് മതത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും മാത്രമേ സംസാരിക്കാനുള്ളൂ.
പശുക്കളുടെ പ്രത്യേകിച്ച് നാടൻ പശുക്കളുടെ പാലിൽ സ്വര്ണ്ണമുണ്ടെന്നും അതുകൊണ്ടാണ് അവയ്ക്ക് സ്വർണ്ണനിറമെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ വാദം. “ഗോപാലന്റെ (ശ്രീ കൃഷ്ണൻ) നാടാണ് ഇത് അതുകൊണ്ട് തന്നെ ഗോക്കളെ ബഹുമാനിക്കൽ ഇവിടെ എല്ലായ്പ്പോഴും തുടരും. ഗോ മാതാവിനെ കൊല്ലുന്നത് ക്രൂരകൃത്യമാണ് അതിനെ എതിർക്കുന്നതും തുടരും. മുലപ്പാലിന് ശേഷം പശുക്കളുടെ പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. പശു നമ്മുടെ മാതാവാണ്. ആരെങ്കിലും മാതാവിനെ കൊന്നാൽ അത് പൊറുത്തു കൊടുക്കാനാവില്ല,” ദിലീപ് ഘോഷ് പ്രസ്താവിക്കുകയുണ്ടായി.
Leave a Reply