കണ്ണു നനയിച്ച കലാപ്രകടനം കണ്ടപ്പോൾ അഭിനന്ദനത്തിൽ പ്രതികരണമൊതുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തയാറായില്ല. കീശയിൽനിന്ന് പഴ്സ് കയ്യിലെടുത്തു. ഉണ്ടായിരുന്ന നോട്ടുകളെല്ലാം എടുത്തു. ഒപ്പമിരുന്ന ഐജി എസ്. ശ്രീജിത്തിനോടും ഡിഐജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളതു ‘ഷെയർ’ ചെയ്യാമോ എന്നു ചോദിച്ചു. സസന്തോഷം അവർ പണമെടുത്തു നൽകി. മേലുദ്യോഗസ്ഥരുടെ മാതൃക അതേപടി എസ്പി ദിവ്യ വി. ഗോപിനാഥ് അടക്കമുള്ളവർ പകർത്തിയപ്പോൾ നിമിഷങ്ങൾക്കകം പിരിഞ്ഞു കിട്ടിയത് 20,000 രൂപ!
കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് എതിരെ പൊലീസ് സംഘടിപ്പിച്ച ‘കുഞ്ഞേ, നിനക്കായ്’ ബോധവൽക്കരണത്തിന്റെ ഭാഗമായി ശക്തൻ തമ്പുരാൻ കോളജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നൃത്തശിൽപം അവതരിപ്പിച്ചത്. കലാപ്രകടനം കണ്ടു മനസ്സു നിറഞ്ഞപ്പോഴാണ് ഉടനൊരു പാരിതോഷികം നൽകാമെന്നു ഡിജിപി തീരുമാനിച്ചത്. 10,000 രൂപ വീതം ഇരു സംഘങ്ങൾക്കും സമ്മാനിച്ചു.
Leave a Reply