അപ്രതീക്ഷിതമായി എത്തി ലോകജനതയെ ആശങ്കയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട കോവിഡ് -19 വൈറസിനോടുള്ള പോരാട്ടത്തിൽ സ്വന്തം സുരക്ഷയും ആരോഗ്യവും മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ ആദരിച്ച് നൃത്തം അവതരിപ്പിച്ച് ദക്ഷിണ യുകെ. പ്രശസ്ത കൊറിയോഗ്രാഫർ ശ്രീമതി ചിത്രാലക്ഷ്മിയാണ് ‘നന്ദി നിങ്ങൾക്ക് നന്ദി, നന്ദി ഒരായിരം നന്ദി..’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത്.
യുകെയിൽ നിന്നുള്ള 11 നർത്തകരാണ് ഈ ലോക്ക്ഡൗൺ കാലത്തും പലസ്ഥലങ്ങളിൽ നിന്നായി ഈ നൃത്താഞ്ജലിയിൽ പങ്കു ചേർന്നിരിക്കുന്നത്. നർത്തകരായ ചിന്നു, ആതിര, അർച്ചന, വീണ , ദിവ്യ, സീലി , മിലി, സുജാത, റീന, ഷീന, സംഗീത എന്നിവരാണ് ആരോഗ്യപ്രവർത്തകര്ക്ക് ആദരവറിയിച്ചു ചുവടുകൾ വച്ചത്. അവസാനഭാഗത്ത് പ്രശസ്തമായ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ഗാനത്തിന്റെ ശീലുകൾ കൂടി ചേർത്ത് അതിമനോഹരമായാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
യുകെയിലെ പ്രവാസിമലയാളികൾ ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന എൻഎച്എസിന് പിന്തുണയും ആശംസകളുമായി ഇവിടുത്തെ ഗവണ്മെന്റും സ്ഥാപനങ്ങളും പൊതു സമൂഹവും ഇതിനോടകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആരോഗ്യരംഗത്തെ പ്രവർത്തകരെ ബഹുമാനിച്ചു കൊണ്ട് തയ്യാറാക്കിയ ഈ നൃത്തവും അവരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമായി കാണുന്നതായി ഇതിൽ പങ്കെടുത്ത കലാകാരികൾ അറിയിച്ചു.
യുകെയിൽ ഭൂരിപക്ഷം മലയാളി കുടുംബങ്ങളും നേരിട്ട് ബന്ധപ്പെട്ടുനിൽക്കുന്ന ആരോഗ്യമേഖലയിലെ സന്നദ്ധപ്രവർത്തകരെയും സ്റ്റാഫിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും ഈ നൃത്തം അവർക്കെല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും ഇതിൽ പങ്കെടുത്ത ഡാൻസേഴ്സിനോടും സഹകരിച്ച ഗർഷോം ടിവിയോടും സംഗീത ഓഫ് ദി യുകെയോടും ഉള്ള നന്ദി അറിയിക്കുന്നതായും ശ്രീമതി ചിത്രാലക്ഷ്മി പറഞ്ഞു.
വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക
Leave a Reply