ഇപ്പോൾ ജീവിച്ചിരിക്കുന്ന മലയാളികൾ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018ലെ പ്രളയത്തിന്റെ മുഴുവൻ ജലവും മണ്ണിലേക്ക് തന്നെ വലിഞ്ഞെങ്കിലും നഷ്ടങ്ങളുടെ തൊരാ മഴയും കണ്ണുനീരും ഇന്നും ബാക്കി നിൽക്കുന്നു. സാമ്പത്തിക സൂചികകളിൽ വളരെ പിന്നിലും എന്നാൽ ജനസംഖ്യയിൽ മുന്നിലും നിൽക്കുന്ന ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനത്തിന് അതിൽ നിന്ന് കുളിച്ചു കയറുക എളുപ്പമല്ല. പ്രളയത്താൽ ചെളിയിൽ കുതിർന്ന അനേകായിരങ്ങളിൽ ഒരുവനായി ഞാനും , വെലിയിൽ ഉണങ്ങിയെങ്കിലും ചെളിമണം വിട്ടുമാറാതെ പ്രളയ ധനസഹായമെന്ന ഒരു ചെറിയ ആശ്വാസത്തിനായി ഇപ്പോളും നമ്മുടെ ഭരണ സംവിധാനങ്ങളിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.

ധനാപാലും കുടുംബവും

ഇക്കാലയളവിൽ ഒരമ്പത് തവണയെങ്കിലും വിവിധ സർക്കാർ ഓഫീസുകളിൽ ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങളാൽ എന്റെ അപേക്ഷ ഫോമിന് പരിസമാപ്തിയുണ്ടായില്ല. ഒരു കമ്പ്യൂട്ടർ ബിരുദധാരി എന്നതുകൊണ്ടായിരിക്കാം പ്രളയ സഹായ വിതരണ ശൃംഖലയിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ അതോ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇതിന്മേലുള്ള ഉത്തരവാദിത്വവും വ്യക്തമായ ആക്ഷൻ പ്ലാനും സമയബന്ധിതവും കുറ്റമാറ്റതുമായി നടപ്പാക്കാൻ പറ്റാത്തതാണോ എന്ന ചോദ്യം മുന്നിട്ട് നിൽക്കുന്നു.

ഒരു വീട്ടിൽ രണ്ടും മൂന്നൂം സ്മാർട് ഫോണുകൾ ഉള്ള നമ്മുടെ ജീവിത സാഹചര്യത്തിൽ എന്റെ അപേക്ഷയുടെ നിജസ്ഥിതി അറിയാൻ പഞ്ചായത്തും കലക്ടറേറ്റും കയറിയിറങ്ങി എന്നത് നമ്മുടെ സാങ്കേതിക വിദ്യകളുടെ പ്രയോഗികവൽക്കരണത്തിന്റെ ന്യൂനതയായി വേണം കാണാൻ.
പ്രളയശേഷമുള്ള മാസങ്ങളിൽ പല സമായത്തായി രണ്ട് ടീമുകൾ എന്റെ വീടിന്റെ കേടുപാടുകളുടെ ഫോട്ടോ എടുത്തിട്ട് പോയെങ്കിലും എന്റെ അപേക്ഷ നഷ്ടപരിഹാര ലിസ്റ്റിൽ കയറിയില്ല. സ്വന്തമായി നല്ലൊരു പേര് വീടിന് ഇല്ലാഞ്ഞത് വിനയായി. അപേക്ഷയിൽ തറവാടിന്റെ പേരും എന്റെ വീട്ടുപേരും ഒന്നായത് എന്റെ അപേക്ഷ നിരസിക്കുന്നതിന് കാരണമായതായി അറിഞ്ഞു. ലിസ്റ്റിൽ വരാത്തവർക്കുള്ള അപേക്ഷ ഫോമുകൾ വീണ്ടും ഒന്നൊന്നായി കൊടുത്ത് അതിന്റെ അവസ്‌ഥ അറിയാൻ പഞ്ചായത്തും കലക്ടറേറ്റും കയറി ഇറങ്ങിയപ്പോൾ സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് അപേക്ഷ നിരസിച്ചത് എന്നറിഞ്ഞു.

പ്രളയ ശേഷം ചെളിമൂടിയ കാർ

 

ഒരു എസ് എം എസിലൂടെ അറിയാൻ കഴിയുന്ന കാര്യങ്ങൾ അറിയാൻ നാലഞ്ച് മാസങ്ങളെടുത്തു. എന്റെ അവസ്‌ഥ മനസിലാക്കിയിട്ടാവണം മാതാപിതാക്കളുടെ കാർഡിൽ നിന്ന് എന്റെ പേര് നീക്കം ചെയ്ത് എനിക്ക് പുതിയ റേഷൻ കാർഡ് നൽകാൻ ആലുവ സപ്ലൈ ഓഫീസ് ജീവനക്കാർ ഒരാഴ്ച്ച പോലുമെടുത്തില്ല. അതോടെ എന്റെ ഉത്സാഹം കൂടി. ഈ കാർഡ് നമ്പർ അപേക്ഷയിൽ ചേർക്കുന്നതോടെ ഹൈക്കോടതി ഉത്തരവിട്ടതുപോലെ പ്രളയ സഹായം വേഗം വീട്ടിലെത്തുമെന്ന് ഞാൻ പ്രത്യാശിച്ചു. പഞ്ചായത്തിൽ ഇതെല്ലാം കൊടുത്ത് കലക്ടറേറ്റിൽ വീണ്ടും ആഴ്ചകൾക്ക് ശേഷം അന്വേഷിച്ചു ചെന്നപ്പോൾ എന്റെ അപേക്ഷ കാർഡ് ഇല്ലാത്തതിനാൽ മുൻപേ തള്ളി പോയെന്നും ഇനിയത് പരിഗണിക്കാൻ നമ്മുടെ നിയമവും വ്യവസ്ഥയും അനുവദിക്കുന്നില്ല എന്നു കേട്ടതോടെ ആ പ്രതീക്ഷയും നശിച്ചു.

ഇങ്ങനെ നടന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും എറണാകുളം കലക്ടർക്കും ഒരു പരാതി കൂടി അയച്ച് , ഞാൻ തന്നെ എന്റെ ഫയൽ അടച്ചതായി പ്രഖ്യാപിച്ച് എന്റെ ഈ ഓട്ടത്തിൽ നിന്ന് മുക്തി നേടി. വീടിന്റെ വിള്ളൽ വീണ ചുമരുകളിൽ പുട്ടിയിട്ട് പെയിന്റ് ചെയ്ത് വീട് സുന്ദരമാക്കി. പക്ഷെ വിള്ളൽ വീണ്ടും കണ്ണു തുറന്ന് തുടങ്ങി. ഇലക്ട്രിക് വയറുകളിൽ ചെളി കയറിയതിന്റെ ബുദ്ധിമുട്ടുകളും തല പൊക്കാൻ തുടങ്ങി. ഇതിനിടയിൽ എന്റെ പരാതി കളക്ടറേറ്റിൽ കിട്ടിയിട്ടുണ്ടെന്നും അത് താലൂക്കിലേയ്ക്ക് അയച്ചിട്ടുണ്ട്‌ എന്നും അറിയിപ്പ് ലഭിച്ചു.

മലയാള മനോരമ ദിനപത്രത്തിൽ ധനാപാലിന്‌ പ്രളയ ദുരിതാശ്വാസ സഹായം നിഷേധിച്ചതിനെ കുറിച്ച് വന്ന വാർത്ത

രണ്ടാഴ്ച കഴിഞ്ഞു പുതിയ നീക്കങ്ങളൊന്നും കാണാത്തതിനാൽ ഞാൻ സ്വയം കീഴടങ്ങി. 2019ൽ വീട് ഒലിച്ചുപോയവരെയും പ്രളയം രൂക്ഷമായി ബാധിച്ച അനേകായിരങ്ങളെയും ഓർത്തപ്പോൾ എന്റെ നഷ്ടങ്ങൾ നിസ്സാരമല്ലേ എന്ന ചിന്ത എനിക്ക് വന്നു. 2018ലെ പ്രളയത്തിന്റെ ഒരു ചിഹ്നമായി മാറിയ, വീടിന്റെ ടെറസിനു മുകളിൽ എഴുതി നേവി ആകാശത്തു നിന്ന് പകർത്തിയ, ‘ THANKS ‘ എന്ന് എഴുതിയ ആൾ എന്ന നിലയ്ക്ക് എന്റെ നെട്ടോട്ടത്തെ കുറിച്ച് ഒക്ടോബർ 15 ലെ ഒരു മലയാള ദിന പത്രത്തിൽ വാർത്ത വന്നു. ഇതിനിടയിൽ വീടിന്റെ തകരാർ മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കാൻ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി. വളരെ പ്രതീക്ഷയോടെ ഞാനും എന്റെ മനസ്സിൽ പല കണക്കുകളും ഉണ്ടാക്കി കാത്തിരിക്കുന്നു.

വളരെ അപ്രതീക്ഷിതമായ ദുരന്തം നേരിടുമ്പോൾ സർക്കാർ സംവിധാനത്തിലെ പരിമിതികളും സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളും വിവേകപൂർവ്വം വിലയിരുത്തുന്ന ഒരാൾ സ്വാഭാവികമായും ചിന്തിക്കും, ഓൺലൈനായി ഈ അപേക്ഷ സമർപ്പിക്കുവാനും അതിന്റെ മേലുള്ള നടപടി അറിയുവാനും നമ്മൾക്ക് സുതാര്യമായ ഒരു മാർഗം വേണ്ടേ?

സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് അപേക്ഷകൻ അറിയുന്ന വിധത്തിൽ ഒരു സംവിധാനമൊരുക്കാൻ ചന്ദ്രനിലേക്ക് കൃത്യമായി ഉപഗ്രഹം അയക്കുന്ന നമുക്ക് ഇനിയും എത്ര വർഷം കാത്തിരിക്കേണ്ടിവരും?

 

ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ.  ടി   കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ്‌ . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക  . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ   3 വയസ്സ്   .

 

 

 

 

ആകാശം കണ്ട് ചിരിച്ച ആ നന്ദി :  2018 – ലെ പ്രളയത്തെക്കുറിച്ചും ബിബിസി ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വന്ന ഫോട്ടോയെക്കുറിച്ചും ധനപാൽ   എഴുതുന്നു .