ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസിസ്റ്റഡ് ഡൈയിങ് ബില്ലിന് ബ്രിട്ടീഷ് പാർലമെൻറ് പ്രാഥമികാംഗീകാരം നൽകി. ലേബർ എംപി കിം ലീഡ്‌ബീറ്റർ നിർദ്ദേശിച്ച ബില്ല് 275 നെതിരെ 330 വോട്ടുകൾക്കാണ് പ്രാഥമിക അംഗീകാരം ലഭിച്ചത്. എന്നാൽ ബില്ലിനെ ചൊല്ലിയുള്ള ഉൾ പാർട്ടി തർക്കങ്ങൾ തുടരുകയാണ്. ഗുരുതരമായ രോഗങ്ങൾ ഉള്ളവരെ പാലിയേറ്റീവ് കെയർ സംവിധാനത്തിലേക്ക് അയക്കുന്നതിനു പകരം ജി പി മാർ ദയാവധത്തിന് നിർദ്ദേശിക്കുന്ന പ്രവണത വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന ലേബർ പാർട്ടി എംപി ഡയാൻ അബോട്ട് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ് . ഡയാൻ അബോട്ട് അസിസ്റ്റഡ് ഡൈയിങ്ങിനെതിരെ വോട്ട് ചെയ്തിരുന്നു.
യഥാർത്ഥത്തിൽ ഗുരുതര രോഗമുള്ള പലർക്കും വേണ്ടത് സ്വാന്തന പരിചരണമാണന്നും നിയമം ദുരുപയോഗം ചെയ്ത് ഹോസ്പിസ് കെയറിലേക്കും പ്രവേശനം ലഭിക്കേണ്ട രോഗികൾക്ക് അസിസ്റ്റൻറ് ഡൈയിങ് നിയമത്തിന്റെ പേരിൽ അത് നിഷേധിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഡയാൻ അബോട്ട് ചൂണ്ടി കാണിക്കുന്നത് . ഡയാൻ അബോട്ടിൻ്റെ വാദമുഖങ്ങൾ നിലവിൽ ക്രിസ്ത്യൻ സഭയും സന്നദ്ധ സംഘടനകളും നേരത്തെ ഉയർത്തി കാട്ടിയിരുന്നു. ബിൽ നിയമമാകുമ്പോൾ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നും ആരും മരിക്കാൻ നിർബന്ധിതരാകില്ലെന്നുമാണ് വിമർശനങ്ങളെ കുറിച്ച് ബിൽ അവതരിപ്പിച്ച ലീഡ്ബീറ്റർ ആവർത്തിച്ച് ഉറപ്പ് നൽകിയത്.
ബില്ലിനെ എതിർത്ത പ്രമുഖ വ്യക്തികളിൽ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടുന്നു . ബിൽ നിയമമായാലും ഇല്ലെങ്കിലും പാലിയേറ്റീവ് കെയർ ശക്തിപ്പെടുത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചകൾക്കിടയിൽ അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായി. ചർച്ചകൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച ബില്ലിനെ പിന്തുണച്ച പല എംപിമാരും സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ കാരണം തങ്ങളുടെ നിലപാട് മാറ്റുമെന്ന് ഇതിനകം സൂചന നൽകിയിട്ടുണ്ട്. മൂന്ന് കൺസർവേറ്റീവ് എംപിമാരും 18 ലേബർ എംപിമാരും വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയില്ല. ബില്ലിലെ സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അതിനാലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും കാൾഡർ വാലിയിലെ ലേബർ എംപി ജോഷ് ഫെൻ്റൺ-ഗ്ലിൻ പറഞ്ഞു.
Leave a Reply