ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് വിസയ്ക്കായുള്ള അപേക്ഷയിൽ തന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ഹാരി രാജകുമാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സസെക്സ് ഡ്യൂക്കിനെ നാടുകടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ ഹാരിക്കെതിരെയുള്ള നിയമനടപടിയെ യുഎസ് പ്രസിഡൻറ് പിന്തുണയ്ക്കുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
യുഎസ് വിസ അപേക്ഷയിൽ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കള്ളം പറയുന്ന ആർക്കും അഞ്ച് വർഷം വരെ തടവോ പിഴയോ നാടുകടത്തലോ ലഭിക്കും. 2023-ൽ പുറത്തിറങ്ങിയ തന്റെ ഓർമ്മക്കുറിപ്പായ സ്‌പെയറിൽ കൊക്കെയ്ൻ, മരിജുവാന, മാജിക് കൂൺ എന്നിവ ഉപയോഗിച്ചതായി ഹാരി സമ്മതിച്ചതായാണ് ഈ അവസരത്തിൽ ചൂണ്ടി കാണിക്കപ്പെടുന്നത്. 2022 – ൽ യുഎസിൽ എത്തിയപ്പോൾ തന്റെ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി എന്തു പറഞ്ഞു എന്നത് ആണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഹാരി സത്യം പറഞ്ഞോ എന്നും അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചോ എന്നും കണ്ടെത്താൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഡാറ്റ പുറത്തുവിടാൻ വാഷിംഗ്ടൺ തിങ്ക്-ടാങ്ക് ദി ഹെറിറ്റേജ് ഫൗണ്ടേഷൻ നിയമ നടപടികൾ സ്വീകരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ജഡ്ജി കാൾ നിക്കോൾസ് എല്ലാ രേഖകളും സ്വകാര്യമായി സൂക്ഷിക്കണമെന്ന് ആദ്യം വിധിച്ചിരുന്നു.
ഹാരി സത്യസന്ധനാണോ എന്ന് അറിയാൻ അമേരിക്കൻ ജനതയ്ക്ക് അവകാശമുണ്ടെന്നാണ് സംഭവത്തോട് ദി ഹെറിറ്റേജ് ഫൗണ്ടേഷനിലെ മാർഗരറ്റ് താച്ചർ സെന്റർ ഫോർ ഫ്രീഡത്തിന്റെ ഡയറക്ടർ നൈൽ ഗാർഡിനർ പ്രതികരിച്ചത്. ഹാരി മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് സത്യസന്ധമായ ഉത്തരം നൽകിയിട്ടുണ്ടെങ്കിൽ വിസ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിടാൻ സാധിക്കുമായിരുന്നു എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ നേരത്തെ ഡൊണാൾഡ് ട്രംപിനെ കുറിച്ച് നടത്തിയ അഭിപ്രായം പ്രകടനങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭിന്നിപ്പിക്കുന്നവനും സ്ത്രീവിരുദ്ധനുമെന്നാണ് മേഗൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
Leave a Reply