നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.

എന്നാൽ ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നെന്ന് ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. ദിലീപ് ഫാന്‍സ് എന്ന പേരിലാണ് വിവിധ ജില്ലകളില്‍ നിന്ന് വന്ന ഗുണ്ടകള്‍ യോഗം ചേര്‍ന്നതെന്ന് ബൈജു പറയുന്നു. എറണാകുളത്ത് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറെ ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. ദിലീപിനെതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ചാനലില്‍ വന്ന് പരസ്യമായി ബൈജു കൊട്ടാരക്കര പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനും ഇക്കാര്യം അറിയാം. മലയാള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ എത്രകാലം ദിലീപിനെ ന്യായീകരിക്കുമെന്നും ബൈജു ചോദിച്ചു. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായല്ലോ. മൊഴി മാറ്റിയ സിദ്ധീഖ്, ഇടവേള ബാബു, മറ്റ് രണ്ട് നടിമാര്‍ എന്നിവര്‍ക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നതെന്നും ബൈജു പറയുന്നു.

അതേസമയം,നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും.ദിലീപ് അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറയുന്ന അന്വേഷണ സംഘം, ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ കടക്കുകയാണ്. ഐജി എബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുക്കാനാണ് തീരുമാനം. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. എസ് പി മോഹനചന്ദ്രന്‍ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിനെ പശ്ചാത്തലത്തില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണസംഘം. ഈ അന്വേഷണത്തിന് പൂര്‍ണ്ണ ചുമതല നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തന്നെയാണെന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍.

തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. എഫ്‌ഐആറിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.. ‘ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പര്‍ കേസിലെ 8-ആം നമ്പര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതല്‍ 6 വരെ പ്രതികള്‍ ചേര്‍ന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുളള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി.

കേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്പി എവി ജോര്‍ജ്ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളില്‍ ജോര്‍ജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി ‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്‍,സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതില്‍ എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം’ എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍… ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ’ എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുളള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്.

അതിനിടെ, കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ക്ക് ബലം പകര്‍ന്ന് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന്‍ നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നും സുനി സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.