കുഞ്ചെറിയ മാത്യു
പ്രമുഖ സിനിമാ താരത്തെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സിനിമാതാരം ദിലീപ് ജനങ്ങളുടെ മനസില്‍ ജനപ്രിയ നായകനായിരിക്കുമ്പോള്‍ തന്നെ ചലച്ചിത്ര രംഗത്തെ ബിനാമി പ്രവര്‍ത്തനങ്ങളെയും അധോലോകത്തെയും നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായിരുന്നോ എന്ന സംശയത്തിന് ആക്കം കൂടുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രിയ താരമായിരുന്ന ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ അധോലോകത്തെ പോലും അതിശയിപ്പിക്കുന്ന പകപോക്കലിന്റെയും തന്റെ സാമ്പത്തിക സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനുളള വെട്ടിപ്പിടിക്കലിന്റേതും ആയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരും വ്യവസായത്തെ അടുത്തറിയുന്നവരുമായ രാജസേനന്റെയും വിനയന്റെയും വിവിധ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുകള്‍ ദിലീപിന്റെ തനിനിറം വെളിവാക്കുന്നതാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയും പകപോക്കലിനായും പലരേയും സിനിമാ ലോകത്ത് നിന്ന് വെട്ടിനിരത്തിയ കഥകളാണ് രാജസേനന്‍ ഇന്നലെ ഒരു പ്രമുഖ മാധ്യമവുമായി പങ്കുവെച്ചത്.
ഇതിനിടയില്‍ നടിക്കെതിരെ നടന്ന അതിക്രമം റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷനില്‍ നിന്ന് വ്യക്തിവൈരാഗ്യവും കുടുംബപ്രശ്നവുമായി ചുരുങ്ങിയത് സംശയാസ്പദമാണ്. റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷന്‍ സംബന്ധിച്ച അന്വേഷണം മുന്നോട്ട് പോയാല്‍ മലയാള സിനിമാ വ്യവസായം തന്നെ ആടിയുലയാന്‍ സാധ്യത ഏറെയാണ്. അന്വേഷണം പല മേഖലകളിലേക്ക് പ്രത്യേകിച്ച് സിനിമാ വ്യവസായത്തില്‍ നടമാടുന്ന കള്ളപ്പണത്തിലേക്കും ബിനാമി പ്രവര്‍ത്തനത്തിലേക്കും എല്ലാം നീളാന്‍ സാധ്യതയുണ്ട്. ദിലീപിനുപരിയായി പല പ്രമുഖരും കള്ളപ്പണത്തിന്റെയും ബിനാമി പ്രവര്‍ത്തനങ്ങളുടെയും പേരില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരന്വേഷണത്തിന്റെ മുനയൊടിക്കാനാണ് നടിക്കെതിരെയുള്ള അന്വേഷണം കുടുംബപ്രശ്നവും വ്യക്തി വൈരാഗ്യം മാത്രമായി ഒതുക്കിയതെന്ന് സംശയിക്കപ്പെടുന്നു.
ദിലീപിനെ സംരക്ഷിക്കാനും ദിലീപിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുവാനും മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും രാജിവെക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. നേരും നെറിയുമുള്ള രാഷ്ട്രീയക്കാരനായി അറിയപ്പെട്ടിരുന്ന പി കെ ഗുരുദാസനെ മാറ്റിയാണ് സിപിഎം മുകേഷിനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിക്രമത്തിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ മുതല്‍ ദിലീപ് സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. എങ്കിലും തങ്ങളുടെ പ്രതിച്ഛായ പോലും നോക്കാതെ ഇന്നസെന്റും ഗണേഷും മുകേഷും ദിലീപിനെ സംരക്ഷിക്കുവാന്‍ പൊരുതുകയായിരുന്നു. അമ്മയുടെ പൊതുയോഗത്തിന് ശേഷം ജനപ്രതിനിധികളാണെന്ന തങ്ങളുടെ സ്ഥാനം പോലും മറന്ന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ ഇവരുടെ നടപടി ഇതിനുദാഹരണമാണ്.
ഏതായാലും മിമിക്രി കലാകാരന്‍ എന്ന എളിയ നിലയില്‍ നിന്ന് മലയാള സിനിമാ ലോകത്തെ താരസിംഹാസനം പിടിച്ചടക്കിയ, മലയാള സിനിമാ വ്യവസായത്തെ തന്റെ നിയന്ത്രണത്തിലാക്കിയ ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ അണിയറ കഥകളുടെ കൂട്ടത്തില്‍ സിനിമാലോകത്തെ കള്ളപ്പണത്തിന്റെയും ബിനാമി ഇടപാടുകളുടെയും പ്രതികാരത്തിന്റെയും ഒതുക്കലുകളുടെയും കഥകള്‍ കൂടി പുറത്തുവരുമോയെന്നാണ് വരും ദിവസങ്ങളില്‍ അറിയാനുള്ളത്.
Leave a Reply