നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളാന്‍ കാരണമായത് നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്. കാവ്യയുടെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും മൊഴികള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍. സുനി കാവ്യ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

തെളിവുകള്‍ നിരത്തിയതോടെ കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പള്‍സര്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്ന് കാവ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ദിലീപ് പറഞ്ഞതനുസരിച്ച് താന്‍ സുനിക്ക് 25,000 രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൊഴിയാണ് കോടതി മുഖവിലയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുനിയെ ദിലീപിന് അറിയാമെന്നും നടന്‍ മികച്ച അഭിനേതാവും കിംഗ് ലയറുമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇത്തവണയും ജാമ്യം നിഷേധിച്ചത്. നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതിന് വേണ്ടി അന്വേഷണം തുടരുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തെങ്കിലും അപ്പുണ്ണി സഹകരിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സിനിമാ രംഗത്തെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി ശരിവെച്ചു.

ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളുമ്പോഴുണ്ടായ സാഹചര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്നും എട്ടു പേജ് വിധിന്യായത്തില്‍ ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ഫെബ്രുവരി 17നാണ് പ്രശസ്ത യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡി അവസാനിച്ചത് മുതല്‍ ആലുവ സബ് ജയിലിലാണ് ദിലീപിന്റെ വാസം.