വിവാഹശേഷം തന്നെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ ശ്രമമുണ്ടായെന്ന്‌ ദിലീപ്‌. തന്നെ പുറത്താക്കാന്‍ സിനിമയില്‍ ഒരു കോക്കസ്‌ തന്നെ പ്രവര്‍ത്തിച്ചിരുന്നെന്നും ദിലീപ്‌ പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത്‌ അഞ്ച്‌ മാസത്തോളം തനിക്ക്‌ സിനിമകള്‍ ഇല്ലായിരുന്നു. ചെയ്‌ത പടങ്ങള്‍ വിജയിക്കുന്നില്ല. ചില പടങ്ങള്‍ ഇറങ്ങാത്ത സ്‌ഥിതിയുണ്ടയി. അങ്ങനെ കുറച്ചു നാള്‍ അഭിനയം നിര്‍ത്തിവച്ചു.
തന്നെയും ലാല്‍ ജോസിനെയും കലാഭവന്‍ മണിയെയും ബിജു മേനോനെയും സിനിമയില്‍ നിന്ന്‌ പുറത്താക്കാനായിരുന്നു പദ്ധതി. കാരണം തന്റെ വിവാഹത്തിന്‌ കൂട്ടു നിന്നത്‌ ഇവരായിരുന്നു. ഇന്‍ഡസ്‌ട്രിയില്‍ നിന്ന്‌ പുറത്താക്കാന്‍ ഒരു കോക്കസ്‌ തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഈ ഘട്ടത്തില്‍ നിര്‍മ്മാതാവ്‌ സുരേഷ്‌ കുമാറാണ്‌ തനിക്ക്‌ പിന്തുണ നല്‍കിയത്‌. ഒരാള്‍ ജീവിതം തെരഞ്ഞെടുത്താല്‍ പിന്നെ അവരുടെ ലൈഫാണ്‌. അതില്‍ ഇടപെടുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ സുരേഷ്‌ കുമാര്‍ പറഞ്ഞു. പ്രതിസന്ധി കാലഘട്ടം കഴിഞ്ഞ്‌ ജോക്കര്‍ എന്ന ചിത്രത്തോടെയാണ്‌ തന്റെ കരിയറില്‍ മാറ്റമുണ്ടായതെന്നും ദിലീപ്‌ പറഞ്ഞു.

ജീവിതത്തില്‍ തകര്‍ന്നുപോയ സമയത്ത് മീനൂട്ടി (മകള്‍) യുടെ വാക്കുകളാണ് വീണ്ടും എഴുന്നേല്‍ക്കാന്‍ സഹായകരമായത്. അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളു, ഞാന്‍ ഒപ്പമുണ്ടാകും എന്ന അവളുടെ വാക്കുകള്‍ പ്രചോദനമായി എന്നും ദിലീപ് പറയുന്നു. ഇനിയങ്ങോട്ട് തന്റെ ജീവിതം ആ ആള്‍ക്കുവേണ്ടിയിട്ടാണെന്നും ദിലീപ് പറയുന്നു. താന്‍ തന്റെ ജീവിതത്തില്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആരെയും വേദനിപ്പിക്കാനായി ഒരു വാക്ക്‌പോലും എഴുതുകയോ കീപാഡില്‍ ഞെക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് പറയുന്നു.

മഞ്ജുവാര്യറുമായി തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയത്ത് തന്നെയാണ് ഇന്നസെന്റിന് ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചത്. ‘നമ്മുടെ സമയദോഷമായിരിക്കുമെടാ, അതൊക്കെ വിട്ടേക്കെടാ’ എന്നുള്ള ഇന്നസെന്റിന്റെ വാക്കുകള്‍ ഏറെ ബലംനല്‍കിയെന്നും ദിലീപ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ സമയത്ത് പൊക്കമില്ല വേണ്ടത്ര വണ്ണമില്ല തുടങ്ങിയ കോംപ്ലക്‌സുകള്‍ തനിക്കുണ്ടായിരുന്നു. ഇടക്കാലത്ത് ഇന്നര്‍ ഡ്രസുകള്‍ ഇടുകയും ഷൂവിന് സോള്‍ പിടിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിന്റെ ആവശ്യമൊന്നുമില്ല. താന്‍ എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്മയുടെ സിനിമ നിര്‍മ്മിക്കാനുള്ള ധൈര്യം കിട്ടിയത് ആ സംഘടനയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. പ്രതിസന്ധിഘട്ടത്തില്‍ അമ്മ എനിക്കൊപ്പം നിന്നിട്ടുണ്ട്. അന്ന് ആറു കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്. അത് വിജയിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതസമ്പാദ്യങ്ങള്‍ മുഴുവന്‍ തീരുമായിരുന്നു. പിന്നീട് അമ്മയുടെ മറ്റൊരു പ്രൊജക്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ മമ്മൂട്ടി പറഞ്ഞു, അതിനെന്താ നമ്മുടെ ദിലീപുണ്ടല്ലോ, അവന്‍ നിര്‍മ്മിക്കും. അയ്യോ, നമ്മളില്ലേ, ഇനിയൊരു അങ്കത്തിന് ബാല്യമില്ലേ എന്ന് മറുപടി പറഞ്ഞ് ഒഴിവാകുകയായിരുന്നു. കൈയ്യില്‍ പണമില്ലാത്തത് കൊണ്ടല്ല. പത്തുരൂപ വരുമാനമുണ്ടെങ്കില്‍ 20 രൂപയുടെ ചെലവുകളുമുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ട്രസ്റ്റിലേക്ക് എന്റെ വരുമാനം പോരാതെ വന്നതോടെ ഇപ്പോ പുറത്തുനിന്നും സംഭാവനകള്‍ സ്വീകരിച്ചുതുടങ്ങി. ആളുകള്‍ക്ക് സഹായമായി പണം നല്‍കുന്ന പരിപാടി നിര്‍ത്തി. മരുന്നു വേണ്ടവര്‍ക്ക് അത് വാങ്ങി നല്‍കും, അഡ്മിഷന്‍ വേണ്ടവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യും. ചിലര്‍ നമ്മളെ പറ്റിക്കും അതുകൊണ്ടാണ് നേരിട്ട് പണം കൊടുക്കുന്നത് നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങളും ദിലീപ് അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഒരു ദിവസം കൈയ്യില്‍ ആയിരം രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. ഞാനും മറ്റുള്ളവരെ പോലെ കടം മേടിക്കാറുണ്ട്. എന്തെങ്കിലും ആവശ്യങ്ങള്‍ വരുമ്പോള്‍ പണമില്ലെന്ന് കരുതി നടത്താതിരിക്കാന്‍ സാധിക്കില്ലല്ലോ എന്നും ദിലീപ് പറയുന്നു.