ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അദ്ദേഹം ഇന്ന് വീണ്ടും ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
ലാല്‍ജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാല്‍ജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുരളിഗോപി ചിത്രത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാര്‍ത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്.
തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തില്‍ ദിലീപും സിദ്ധാര്‍ത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. അടുത്ത വിഷുവിനായിരിക്കും കമ്മാരസംഭവം തിയേറ്ററുകളിലെത്തുക.
Leave a Reply