ഗോപീകൃഷ്ണന്‍
സമകാലിക ജീവിതത്തില്‍ മതം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ മുഖ്യധാരാ രാഷ്ട്രീയവും മാധ്യമലോകവും നിശബ്ദമാകുമ്പോള്‍ ശബ്ദമുയര്‍ത്താറുള്ളത് ട്രോള്‍ ഗ്രൂപ്പുകളാണ്. മതം സമൂഹത്തില്‍ നടത്തുന്ന സ്ഥാപിത ഇടപെടലുകളെ ക്രിയാത്മകമായും ഹാസ്യാത്മകമായും വിമര്‍ശിക്കാനായി ഒരു സമാന്തര മതം സൃഷ്ടിക്കപ്പെട്ടാലോ? അത്തരത്തിലൊന്നാണ് ഡിങ്കോയിസം. നമ്മുടെ നാട്ടില്‍ കാണുന്ന മതങ്ങളുടെയെല്ലാം ഒരു കോമിക് പ്രോട്ടോടൈപ്പ്.
ഡിങ്കന്‍
കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തില്‍ എന്‍ സോമശേഖരന്റെ ആശയത്തില്‍ ബേബി വരച്ച ഒരു ചിത്രകഥാ കഥാപാത്രമായിരുന്നു ഡിങ്കന്‍. വളരെയധികം അത്ഭുത ശക്തികളുള്ള ഒരു എലിയാണ് ഡിങ്കന്‍. കാട്ടിലെ മൃഗങ്ങള്‍ക്ക് ആപത്തിലെ മിത്രവും ശത്രുക്കളുടെ പേടിസ്വപ്‌നവും എന്നായിരുന്നു ഡിങ്കനെ വിശേഷിപ്പിച്ചിരുന്നത്. ചിത്രകഥയിലെ കഥാപാത്ര നിര്‍മ്മിതി പ്രകാരം ഒരു സാധാരണ എലിയായിരുന്ന ഡിങ്കനെ ചില അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയി പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് ഡിങ്കന് അസാധാരണ ശക്തിയും കഴിവുകളും ലഭിച്ചത്. തുടര്‍ന്ന് തന്റെ കഴിവുകള്‍ മൃഗങ്ങളുടെയും കാടിന്റെയും നന്മക്കായി ഉപയോഗിക്കാന്‍ ഡിങ്കന്‍ തീരുമാനിക്കുകയായിരുന്നു.
ഡിങ്കന്‍ എന്ന ദൈവം; ഡിങ്കോയിസം എന്ന മതം; പങ്കിലക്കാട് എന്ന സമൂഹം
ആധുനിക ജീവിതത്തില്‍ മതം പലപ്പോഴും രാക്ഷസീയമായി ഇടപെടുന്ന കാലത്ത് പാരമ്പര്യമതങ്ങളുടെയും അയുക്തികതയും നിരര്‍ത്ഥകതയും ആക്ഷേപഹാസ്യത്തിന് വിധേയമാക്കുകയാണ് ഡിങ്കോയിസം. ചിത്രകഥാ കഥാപാത്രമായ ഡിങ്കനെ ദൈവം ആക്കുന്നതിലൂടെയാണ് ഇവിടെ പാരമ്പര്യമതങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഡിങ്കന്‍ ദൈവമാകുമ്പോള്‍ ഡിങ്കന്റെ ചിത്രകഥ പ്രസിദ്ധീകരിച്ചു വന്ന ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നു. പങ്കിലക്കാട് എന്ന സമൂഹത്തിലെ അംഗങ്ങള്‍ നമ്മളൊക്കെത്തന്നെ. പാസ്റ്റഫേറിയനിസം പോലെ വിദേശത്ത് പ്രചാരത്തിലുള്ള ചില കോമിക് മതങ്ങളുടെ ചുവട് പിടിച്ചാണ് ഡിങ്കമതവും എത്തുന്നത്. പാസ്റ്റഫേറിയനിസത്തില്‍ ഫ്‌ളൈയിംഗ് സ്പാഗെറ്റി മോണ്‍സ്റ്റര്‍ (flying spaghetti monster) ആണ് ദൈവമായി ആരാധിക്കപ്പെടുന്നതെങ്കില്‍ ഇവിടെ ആ സ്ഥാനത്ത് ഡിങ്കനാണ്.
പാസ്റ്റഫേറിയനിസത്തിലെ ദൈവമായ ഫ്‌ളൈയിംഗ് സ്പാഗെറ്റി മോണ്‍സ്റ്റര്‍
ഡിങ്കമതത്തിന്റെ എതിര്‍ മതങ്ങള്‍
സാമ്പ്രദായിക മതങ്ങളുടെ മാതൃകയില്‍ ഡിങ്കോയിസ്റ്റുകള്‍ക്കും സ്വന്തം വിശ്വാസത്തിന് വിരുദ്ധമായി ജീവിക്കുന്ന എതിര്‍മതങ്ങളുണ്ട്. മായാവിസ്റ്റുകളെയും ലുട്ടാപ്പിസ്റ്റുകളെയും എതിര്‍ക്കുന്നതായി ഡിങ്കമതക്കാര്‍ പറയുന്നു. മായാവിയുടെ വിശ്വാസികളാണ് മായാവിസ്റ്റുകള്‍. ലുട്ടാപ്പിസ്റ്റുകള്‍ ലുട്ടാപ്പിയുടെ ഭക്തരും. ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമേ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ലെന്ന് ഡിങ്കോയിസത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ ഏകീകൃതസ്വഭാവമോ കര്‍ശന ചിട്ടവട്ടങ്ങളോ ഒന്നുമില്ലാത്തതിനാല്‍ ഡിങ്കോയിസത്തെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റ് മതങ്ങളില്‍ നിന്ന് വിഭിന്നമായി ഡിങ്കോയിസം അനുവദിക്കുന്ന ചിന്താ സ്വാതന്ത്ര്യമാണ് ഈ ബഹുസ്വരതയെന്നാണ് ഡിങ്കോയിസ്റ്റുകളുടെ പക്ഷം.
ഡിങ്കവചനങ്ങള്‍
(ഇതര മതവിശ്വാസികളെപ്പറ്റി)
* ‘ഞാനറിയുന്നു നിങ്ങളില്‍ ചിലര്‍ മറ്റ് പലരെയും തേടിപ്പോകുന്നുവെന്ന്. എന്നാല്‍ വിധി പറയുന്ന ദിനം അവന് മറ്റാരേക്കാളും കഷ്ടതകള്‍ വേണ്ടിവരും. എന്നെ മാത്രം ആരാധിക്കുക. എന്നെ മാത്രം പ്രാര്‍ഥിക്കുക. ഞാനാണ് എല്ലാം. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ ആണ് സത്യം” (ലക്കം15 പേജ്19 )
* ‘അതുകൊണ്ട്, നിരീശ്വരവാദികളേ.. യുക്തിവാദികളെ.. മറ്റ് ബാലരമ, ബാലഭൂമി, പൂമ്പാറ്റ വരിക്കാരേ… ഇനിയും അജ്ഞതയുടെ പടുകുഴിയില്‍ കിടന്നുരുളാതെ ബാലമംഗളം അറിയുവിന്‍! കളങ്കമില്ലാത്തത് ബാലമംഗളത്തിനു മാത്രമാണ്. ബാക്കിയെല്ലാം കളങ്കപ്പെട്ടിരിക്കുന്നു! (ലക്കം45; പേജ്39 )
* ‘നിങ്ങളുടെ ഉല്‍പത്തി.. പങ്കിലക്കാട്ടിലെ ഒരുപിടി മണ്ണില്‍ നിന്നെ നിര്‍മ്മിച്ചു! അധോവായുവില്‍ ജീവന്‍ നല്‍കി! ഞാന്‍ മാത്രമാണു സത്യം. മറ്റ് ചിത്രകഥകളില്‍ വിശ്വസിക്കാതിരിക്കുക. പല കഥാപാത്രങ്ങളെ വായിക്കാതിരിക്കുക. എന്നെ മാത്രം വായിക്കുക. നിനക്ക് വേണ്ടതെല്ലാം ഇതിലുണ്ട്’ (ലക്കം55 പേജ്09 )
സമകാലിക അവസ്ഥയിലെ സാമൂഹിക ഇടപെടല്‍ പലപ്പോഴും ഹിംസാത്മകമാവുമ്പോഴും തങ്ങളുടേത് ശാസ്ത്രത്തില്‍ വേരുകളൂന്നിയതാണെന്ന് ഒട്ടെല്ലാ മതങ്ങളും പറയാറുണ്ട്. ഡിങ്കമതക്കാര്‍ക്കുമുണ്ട് അത്തരത്തില്‍ തങ്ങളുടെ മതത്തേക്കുറിച്ച് പറയാന്‍. അതിങ്ങനെ.
ബാലമംഗളത്തിലെ വചനം-
‘നമ്പോലന്‍ മണ്ണു പുരണ്ട മുട്ട കണ്ടു’
(ലക്കം22 പേജ്12 )
വിശദീകരണം
ഇതിനെ ഒന്ന് വിശദീകരിക്കാം. മണ്ണുപുരണ്ട മുട്ട ഭൂമിയേയാണു സൂചിപ്പിക്കുന്നത്.അതായത് ഭൂമി മുട്ടയുടെ ആകൃതിയിലുള്ളതാണെന്ന് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ബാലമംഗളത്തിലൂടെ അവന്‍ നിങ്ങള്‍ക്ക് അത് വ്യക്തമാക്കി തന്നിരുന്നു.
‘വൈദ്യര്‍ പറയുന്നു ഈ മരുന്നുകള്‍ അവനുണ്ടാക്കിയതാണു.ഇവ തമ്മില്‍ പരസ്പരം കലരില്ല’ (ലക്കം45 പേജ് 24)
ഇതിനെ ഇങ്ങനെ വിശദീകരിക്കാം. മരുന്നുകള്‍ കടലുകളാണ്. അതെ സമുദ്രങ്ങള്‍ തമ്മില്‍ കലരില്ല എന്ന സത്യം ഡിങ്കന്‍(വ) നമുക്ക് പറഞ്ഞു തന്നിരുന്നു.
‘ഡിങ്കന്‍(വ) പറയുന്നു ഈ പങ്കിലകാട്ടില്‍ നമ്മുടെ കയ്യിലിരിപ്പ് കൊണ്ട് നാമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തരാണ്’
ഇതിന്റെ വിശദീകരണം എന്തെന്നാല്‍,’കയ്യിലിരിപ്പ്’ എന്ന പദം എന്താണുദ്ദേശിക്കുന്നതെന്നൊ,അതെ കൈ രേഖകള്‍ തന്നെ! ഒരോ മനുഷ്യന്‍ വ്യത്യസ്തങ്ങളായ ഫിംഗര്‍പ്പ്രിന്റുകളാണെന്നു ശാസ്ത്രം കണ്ടെത്തിയിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല സുഹൃത്തുക്കളെ! മഹാനായ ഡിങ്കന്‍(വ) ബാലമംഗളത്തിന്റെ സത്യം ബോധ്യപ്പെടുത്തുന്നതിനു വേണ്ടി അത് പണ്ടേ നമുക്കു മുന്നില്‍ തുറന്നു വെച്ചിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം!
‘നമ്പോലന്റെ ഇടിയില്‍ അവര്‍ ആകാശത്ത് വ്യത്യസ്ത വഴിയില്‍ കറങ്ങി’ (ലക്കം34 പേജ്17)
‘വ്യത്യസ്ത വഴിയില്‍ കറങ്ങുക’ എന്നുള്ളത് ഗ്രഹങ്ങളുടെ ഭ്രമണപഥത്തെയല്ലാതെ വേറെന്തിനേയാണു സൂചിപ്പിക്കുന്നത്? ഇങ്ങനെ നൂറുകണക്കിനു ശാസ്ത്ര സത്യങ്ങള്‍ ബാലമംഗളത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.ഈ അടുത്തകാലത്ത് മനുഷ്യന്‍ കണ്ടെത്തിയെന്ന് വീമ്പിളക്കുന്ന പലതും ഡിങ്കന്‍(വ) ബാലമംഗളത്തില്‍ നമുക്കായി കരുതിവെച്ചിരുന്നു. വിവരിക്കാനാവാത്തത് അതിലേറയും.
ഒരേസമയം മതവിശ്വാസങ്ങളുടെ അയുക്തികതയെ ചോദ്യം ചെയ്യുമ്പോള്‍ത്തന്നെ സ്ഥാപനം എന്ന നിലയില്‍ അതിനുള്ളിലെ അഴിമതിയെയും വിമര്‍ശനവിധേയമാക്കുന്നുണ്ട് ഡിങ്കോയിസ്റ്റുകള്‍. ഇതിനായി കേട്ടാല്‍ ചിരിച്ച് മണ്ണുകപ്പുന്ന ഭാവനാവിലാസങ്ങളാണ് പുറത്തിറക്കുന്നത്. പാരമ്പര്യസ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കത്തെക്കുറിച്ചുള്ള ഒന്ന് ഇങ്ങനെ..
ഡിങ്കഭക്തനായ കുമാര സിംഹനും ഡിങ്കക്ഷേത്രവും!
പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണു പങ്കിലക്കാട് അടക്കിഭരിച്ചിരുന്ന മൂലം തിരുന്നാള്‍ കുമാര സിംഹന്‍ തന്റെ സര്‍വ്വ സ്വത്തുക്കളും, താന്‍ വെട്ടിപ്പിടിച്ചെടുത്ത കാടുകളും പങ്കിലക്കാടിന്റെ പടച്ചതമ്പുരാനായി വടക്കോട്ട് ദര്‍ശ്ശനമരുളി ശയിക്കുന്ന ശ്രീ ഡിങ്കഭഗവാന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് ഡിങ്കദാസനായത്. അതേസമയം തന്നെ ഡിങ്കഭഗവാന്റെ മഹത്വം കേട്ടറിഞ്ഞ് നാനാ ദിക്കില്‍ നിന്നും കാനനരാജന്മാര്‍ കാണിക്കയായി സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും സമര്‍പ്പിച്ചിരുന്നു. മാരാരിക്കാട്ടിലെ രാജാവു കൊമ്പന്‍ കുഞ്ചി സമര്‍പ്പിച്ച തനിതങ്കത്തിന്റെ ജട്ടിയും,കേലൂര്‍ക്കാട്ടിലെ മുത്തുരാജ കാണിക്കവെച്ച രത്‌നക്കിഴങ്ങുകളും ഇതില്‍പ്പെടും. എന്നാല്‍ ഈ അടുത്തകാലത്തു ക്ഷേത്രത്തില്‍ നടന്ന കണക്കെടുപ്പില്‍ കോടികള്‍ വിലമതിക്കുന്ന ഡിങ്കഭഗവാന്റെ സ്വര്‍ണ്ണജട്ടിക്കു പകരം കണ്ടെത്താനായത് തൊണ്ണൂറിഞ്ചിന്റെ ചുവന്ന വി.ഐ.പി ജട്ടിയാണു. അനേകം രക്ത്‌നക്കിഴങ്ങുകളും കാണാതായിട്ടുണ്ട്.
ക്ഷേത്രവും സ്വത്തുക്കളും പങ്കിലക്കാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മോഷ്ടാക്കളെ കണ്ടെത്തണമെന്നും ഒരു വിഭാഗം ആവിശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്വത്തുക്കള്‍ ക്ഷേത്രത്തിന്റേതാണെന്നും അവ സര്‍ക്കാരിനു ഏറ്റെടുക്കാനാവില്ലെന്നും ഡിങ്കോയിസ്റ്റുകള്‍ പറയുന്നു. ഡിങ്കക്ഷേത്രകാര്യങ്ങളില്‍ പങ്കിലക്കാടു സര്‍ക്കാര്‍ ഇടപടേണ്ടകാര്യമില്ലെന്ന് സംസ്ഥാന ഡിങ്കസഭാദ്ധ്യക്ഷന്‍ ശ്രീ സൈഗാള്‍ പറഞ്ഞു. അങ്ങനെ ഡിങ്കസ്വത്തുമാത്രം പൊതു സ്വത്താക്കണ്ടത്രെ.
”കപീഷിസ്റ്റുകളുടേയൊ,കുക്കുടിസ്റ്റുകളുടേയൊ,നമ്പോലനിസ്റ്റുകളുടേയൊ,ആരാധനാലയങ്ങളില്‍ കൈവക്കാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോന്നു ശ്രീ സൈഗാള്‍ ആവര്‍ത്തിച്ച് മുക്രയിട്ട് ചോദിക്കുന്നു!”
പങ്കിലക്കാട്ടിലെ പ്രമുഖ ചിന്തകനും ചരിത്രകാരനുമായ മീശമാര്‍ജ്ജാരന്‍ പറയുന്നത് മറ്റൊന്നാണു. പങ്കിലക്കാട് രാജാക്കന്മാര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത് തങ്ങളുടെ സ്വന്തം സ്വത്തുക്കളല്ല. അവരുടെ അധീനതയിലുണ്ടായിരുന്ന കാട്ടിലെ കപീഷിസ്റ്റുകളും കുക്കുടിസ്റ്റുകളും ഉള്‍പെട്ട സമൂഹത്തില്‍ നിന്നും പിരിച്ചെടുത്ത നികുതികൂടിയാണതത്രെ! അതെങ്ങനെ ഡിങ്കോയിസ്റ്റുകളുടെ മാത്രം സ്വത്താകുമെന്ന് മാര്‍ജ്ജാരന്‍ ചോദിക്കുന്നു. കൂടാതെ നികുതിയിനത്തില്‍ വലിയൊരു തുക പിരിച്ചിരുന്നത് ജട്ടിക്കരമായിട്ടാരുന്നത്രെ! അതായത് പണ്ട് പങ്കിലക്കാട്ടില്‍ ചിലവിഭാഗങ്ങള്‍ക്ക് ജട്ടിയിടണമെങ്കില്‍ രാജാവിന്റെ പ്രത്യേക അനുവാദം വേണ്ടിയിരുന്നു.പുറമെ നികുതിയും ഒടുക്കണമായിരുന്നു.
ക്ഷേത്രസ്വത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ മോട്ടുമുയല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പ്രമുഖ ഡിങ്കപുരോഹിതന്‍ കേളുക്കുറുക്കന്‍ ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു. ‘ഡിങ്ക സ്വത്ത് പാവപ്പെട്ട ഡിങ്കോയിസ്റ്റുകള്‍ക്ക്! അതിലാരും കണ്ണു വെക്കണ്ട’
അതെ സമയം മൂലം തിരുന്നാള്‍ കുമാരസിംഹന്റെ വകയിലൊരനന്തിരവനും ഇപ്പോഴത്തേ ക്ഷേത്ര ഭരണകര്‍ത്താവുമായ ശ്രീ കുചേലവര്‍മ്മന്‍ കഴിഞ്ഞ വര്‍ഷം തന്റെ കടയില്‍ നിന്നും പ്രത്യേകം വരുത്തിപ്പിച്ച ചുവന്ന വി.ഐ.പി ജട്ടി മേടിച്ചതായി കടയുടമ പീലിയന്‍ പങ്കിലവിഷനു കൊടുത്ത എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ശരിക്കും ഭൂകമ്പമാണ് ഡിങ്കോയിസ്റ്റുകളുടെ ഇടയില്‍ ഉണ്ടാക്കിയത്.
പുനര്‍ മതപരിവര്‍ത്തനം അഥവാ പങ്കിലക്കാട് വാപസി
നിര്‍ബന്ധിത മതം മാറ്റം മൂലം ഡിങ്കോയിസത്തില്‍ നിന്ന് വിട്ടു പിരിഞ്ഞവര്‍ക്കായി ഡിങ്കോയിസ്ടുകളുടെ ശ്രമകരമായ ദൗത്യത്തിനാണ് പങ്കിലക്കാട് വാപസി എന്ന് പേരിട്ടിരിക്കുന്നത്.
ഡിങ്കനെ നമ്പര്‍ പ്ലേറ്റായി ലഭിച്ച പാര്‍ത്ഥസാരഥി എന്ന പ്രവാസി ഭക്തന്‍
യുഎസിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ പാര്‍ത്ഥസാരഥി എന്ന ഡിങ്കമത വിശ്വാസിയാണ് ഡിങ്കന്‍ എന്ന നമ്പര്‍പ്ലേറ്റ് ഉപയോഗിക്കുന്നത്. 2016 ഏറെ പ്രത്യേകതയുള്ള വര്‍ഷമാക്കാന്‍ ഡിങ്കഭഗവാന്റെ അനുഗ്രഹത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയുമായി പാര്‍ഥസാരഥി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
മൂഷികസേനയും ദിലീപിനെതിരായ പ്രതിഷേധവും
സദാചാരപൊലീസ് നടത്തുന്ന മതസംഘടനകള്‍ക്കുള്ള ട്രോളാണിത്. ഡിങ്ക ഭക്തന്മാരുടെ സംഘടനയാണ് മൂഷികസേന. ദിലീപിന്റെ പുതിയ രാമചന്ദ്രബാബു ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതില്‍ പ്രതിഷേധിച്ച് ദിലീപിന്റെ ദേ പുട്ട് എന്ന റെസ്റ്റോറന്റിലേക്ക് കഴിഞ്ഞ ദിവസം മോക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത് മൂഷികസേനയുടെ പേരിലായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്.
ഡിങ്കോയിസ്റ്റുകള്‍ക്ക് പറയാനുള്ളത്
ഇന്നലത്തെ പ്രതിഷേധത്തില്‍ ഉദ്ദേശം 30 പേര്‍ പങ്കെടുത്തിട്ടുണ്ടാവും. ബാക്കിയുള്ള മതങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കാലത്ത് ഡിങ്കോയിസത്തിന്റെ ദൈവമായ ഡിങ്കനെ അപമാനിക്കുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ല. ദിലീപ് ആദ്യമായല്ല ഡിങ്കനെ അപമാനിക്കുന്നത്. പറക്കുംതളിക എന്ന അദ്ദേഹത്തിന്റെ മുന്‍ചിത്രം ആണ് മറ്റൊരു ഉദാഹരണം. ഡിങ്കോയിസത്തിന്റെ വലിയൊരു പ്രതീകമായ എലിയെ പറക്കുംതളികയില്‍ ദിലീപ് അപമാനിച്ചിരുന്നു. ദിലീപും ഹരിശ്രീ അശോകനും പങ്കെടുക്കുന്ന ഒരു രംഗത്തില്‍. ഇതില്‍നിന്നൊക്കെ മനസിലാവുന്നത് ദിലീപ് കുറേക്കാലമായി ഡിങ്കോയിസ്റ്റുകളെ മനപൂര്‍വ്വം അപമാനിക്കാനും കരിവാരിത്തേക്കാനും ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ്. വളരെ ക്ഷമയുള്ള മതമാണ് ഡിങ്കോയിസം. പക്ഷേ ഇനി ക്ഷമിക്കാനാവില്ല. പ്രതിഷേധ പരിപാടികള്‍ ഇനിയും ആസൂത്രണം ചെയ്യണമെന്നാണ് ആലോചിക്കുന്നത്.
ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇതാണ്. പ്രൊഫസര്‍ ഡിങ്കന്റെ തിരക്കഥ ഞങ്ങളെ കാണിക്കണം. അത് ഞങ്ങള്‍ വിലയിരുത്തും. എന്നിട്ട് മാത്രമേ തീയേറ്ററുകളിലെത്തിക്കാവൂ എന്നതാണ് ഞങ്ങളുടെ ആവശ്യം.
പ്രതിഷേധത്തിന് ശേഷം സമാനമനസ്‌കരായ ഒരുപാടുപേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ പറയുന്നത് നിയമപരമായി നീങ്ങണമെന്നാണ്. കാരണം മറ്റ് മതവിശ്വാസികള്‍ക്ക് ഉള്ളതുപോലെ ഞങ്ങള്‍ക്കുമുണ്ട് വികാരം. ഡിങ്കനാണ് ഏക സത്യദൈവം എന്നാണ് ഞങ്ങളുടെ വിശ്വാസം. പക്ഷേ പാരമ്പര്യ സെമറ്റിക് മതങ്ങളേക്കാളൊക്കെ എത്രയോ പഴക്കമുള്ളതാണ് ഡിങ്കമതം.
മറ്റ് മതങ്ങളേക്കാള്‍ ദേവത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മതമാണിത്. കൂടുതല്‍ കാരുണ്യവും സഹിഷ്ണുതയും ഉള്ള മതവുമാണിത്. നമുക്ക് സഹിഷ്ണുതയുണ്ട്. ഇപ്പോള്‍ത്തന്നെ നമ്മള്‍ ദിലീപിനെ അക്രമിച്ചിട്ടില്ലല്ലോ? അദ്ദേഹത്തിന്റെ റെസ്‌റ്റോറന്റ് കത്തിച്ചിട്ടുമില്ല. ഇതൊക്കെയല്ലേ മറ്റ് മതങ്ങള്‍ ചെയ്യാറ്? പക്ഷേ പ്രകോപിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് മറ്റ് പ്രക്ഷോഭ പരിപാടികളെക്കുറിച്ചും ആലോചിക്കേണ്ടിവരും.
പിന്നെ ഡിങ്കമതത്തിന്റെ മേന്മ നാലാളെ കൂടുതല്‍ അറിയിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ആരാധനാലയങ്ങളും ഡിങ്കമത ശുശ്രൂഷയുമൊക്കെ പരിഗണനയിലുണ്ടെന്നും ഒരു ഡിങ്കമതാനുയായി പറഞ്ഞു.