സുധീഷ് തോമസ്
സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മിഷനുകളിൽ ഒന്നായ ഓൽഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷനിൽ ആഗസ്റ്റ് എട്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകിട്ട് 8. 30 pm വരെ ഓൽഫ് മിഷൻ സീനിയർ സ്റ്റുഡൻറ് കൗൺസിലിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ തിരുനാൾ ആഘോഷ പൂർവ്വം നടത്തപ്പെട്ടു. ഒരു പക്ഷെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും കുട്ടികളുടെ തിരുനാൾ കുട്ടികൾ തന്നെ രൂപകൽപ്പന ചെയ്ത് അവർ തന്നെ ഫണ്ട് സമാഹരിച്ച് കുട്ടികൾ തന്നെ വിവിധ കലാ പരിപാടികൾ ആസൂത്രണം ചെയ്തു തിരുനാൾ ആഘോഷിക്കുന്നത്. കൂടാതെ തികച്ചും കുട്ടിയായ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിൻ്റെ നാമധേയത്തിലാണ് തിരുനാൾ നടത്തപ്പെട്ടത് .
367 -ഓളം കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഓൽഫ് മിഷനിലെ ഭൂരിപക്ഷം കുട്ടികളും അവരുടെ മാതാപിതാക്കളും സ്റ്റോക്ക് ഓൺ ട്രെൻഡിലെ സെൻ്റ് ജോസഫ് ദേവാലയത്തിൽ നടന്ന കുട്ടികളുടെ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നപ്പോൾ ദേവാലയം വിശ്വാസികളെക്കൊണ്ട് നിറയുകയുണ്ടായി. ഇത് പുത്തൻ ഒരു ആത്മീയ വിശ്വാസ വളർച്ചയ്ക്ക് പ്രചോദനകരമായി. സീറോ മലബാർ സഭയുടെ വിശ്വാസ, പാരമ്പര്യ ആചാര അനുഷ്ഠാനങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാനും അതോടൊപ്പം അവരെ സാമൂഹിക-സാംസ്കാരിക, നേതൃത്വം ആത്മീയ, വിശ്വാസ വളർച്ചയ്ക്ക് യോജ്യമായ രീതിയിൽ ഒരു കൂട്ടായ്മയായി വളർത്തി സഭയ്ക്കും സമൂഹത്തിനും കുടുംബങ്ങൾക്കും മാതൃകയാക്കി വളർത്തുക എന്നതാണ് ഈ തിരുനാൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
മിഷൻ വികാരി ജോർജ് എട്ടു പറയിൽ അച്ചൻ്റെ ശിക്ഷണത്തിൽ കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വിവിധ ശുശ്രൂഷകളുടെയും പരിപാടികളുടെയും ഫലമായിട്ടാണ് ഈ തിരുനാൾ വിജയപ്രദമായി നടത്തുവാൻ സാധിച്ചത്. അതോടൊപ്പം അച്ചൻ്റെ ദീർഘവീക്ഷണവും സഭയോടുള്ള തീഷ്ണതയും പ്രാർത്ഥനാ ജീവിതവും കൂടാതെ അനുഭവസമ്പത്തും കുട്ടികളെ വാർത്തെടുക്കുന്നതിൽ പ്രചോദനകരമായി എന്ന കാര്യത്തിൽ സംശയമില്ല .
സീനിയർ സ്റ്റുഡൻറ് കൗൺസിൽ ലീഡർമാരായ മോൻസി ബേബി , മെൽവിൻ ബേബി എന്നിവരുടെ നേതൃത്വപാടവവും കുട്ടികളോടുള്ള അവരുടെ സമീപനവും അതിലെല്ലാം ഉപരി ദിവ്യബലിയോടും സഭയോടും ഉള്ള അവരുടെ സ്നേഹവും പ്രാർത്ഥന ജീവിതവും ഒരു പരിധിവരെ കുട്ടികളെ കൂട്ടായ്മയിലും വിശ്വാസത്തിലും വളർത്തുന്നതിനും പ്രചോദനകരമായി . കഴിഞ്ഞ കുറേ മാസങ്ങളായി ഇവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികളുടെ പരിപാടികളും ഈ മിഷനിൽ നടത്തിക്കൊണ്ടിരിക്കുന്നു.
മിഷൻ വികാരി ജോർജ് അച്ചൻറെ കാർമികത്വത്തിൽ നടന്ന കുട്ടികളുടെ തിരുനാൾ തിരുക്കർമ്മങ്ങൾ പൂർണമായും ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാർ കുർബാനയായിരുന്നു. നമ്മുടെ ആരാധനാക്രമ ത്തിൻറെ മനോഹാരിതയും മഹിമയും അർഥവും കുട്ടികളെ മനസ്സിലാക്കി അവരെ സഭയോടും വിശ്വാസത്തോടും ചേർത്ത് നിർത്തുന്നതിനു വേണ്ടിയായിരുന്നു. തിരുകർമ്മങ്ങൾക്ക് കുട്ടികൾ തന്നെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു. കുട്ടികൾ തന്നെയാണ് അൾത്താര അലങ്കാരം, കൊയർ, അൾത്താര ശുശ്രൂഷ എന്നിങ്ങനെ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുകയും അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള സിറോ മലബാർ കുർബാന പൂർണമായി പ്രൊജക്ടർ വഴിയായ വലിയ സ്ക്രീനിൽ തൽസമയത്ത് കാണിച്ചത് കുട്ടികൾക്കും മാതാപിതാക്കൾക്കും പൂർണമായി കുർബാന ഉൾക്കൊള്ളുവാൻ കാരണമായി.
കുട്ടികൾക്ക് വേണ്ടി തിരുനാൾ സന്ദേശം നൽകുന്നതിനുവേണ്ടി സ്‌റ്റോക്ക് ഓൺ ട്രെന്റ് വെയിൽ സെന്റ് ട്രീസാ ചർച്ച് വികാരി ഫാ. മൈക്കിളിനെ ക്ഷണിക്കുകയും അദ്ദേഹം തന്റെ സന്ദേശത്തിൽ കുട്ടികളുടെ ഗണത്തിൽ നിന്ന് വാഴ്ത്തപ്പെട്ടവനായ കാർലോ അക്യൂട്ടീസിന്റെ നാമധേയത്തിൽ കുട്ടികളുടെ തിരുനാൾ നടത്തുന്നത് തികച്ചും ഉചിതമാണെന്നും കൂടാതെ ദിവ്യകാരുണ്യത്തെ അതിയായി സ്നേഹിച്ച കാർലോയുടെ നാമധേയത്തിൽ നടക്കുന്ന തിരുനാളിന് ദിവ്യകാരുണ്യപ്രദക്ഷിണം നടക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അറിയിച്ചു. വാഴ്ത്തപ്പെട്ട കാർലോയുടെ ജീവിതത്തെ കുറിച്ച് വിശദമായി വിവരിക്കുകയും അതുപോലെ നമ്മുടെ ജീവിതത്തിൽ നമുക്ക് വിശുദ്ധരായി ജീവിക്കാൻ സാധിക്കുമെന്ന മൈക്കിളച്ചൻെറ ഉപദേശം എല്ലാവരും ഹൃദയത്തിലേറ്റെടുത്തു .നമ്മൾ എല്ലാവരും ജനിക്കുന്നത് ഒറിജിനൽ ആയിട്ടാണ് എന്നാൽ ജീവിതത്തിൽ വിവിധഘട്ടങ്ങളിൽ നമ്മൾ തെറ്റായ കാര്യങ്ങൾ കോപ്പി ചെയ്യുന്നത് കൊണ്ടാണ് നമ്മൾ യഥാർഥത്തിൽ വ്യതിചലിക്കുന്നത് എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തോടൊപ്പം ക്ഷണിക്കപ്പെട്ട നവ വൈദികനായ ഫാ. യൂജിൻ ജോസഫിൻ്റെ സാന്നിധ്യം കുട്ടികൾക്കും യുവാക്കൾക്കും ആത്മീയ വിശ്വാസവളർച്ചയ്ക്ക് പ്രചോദനമായി.
തിരുനാൾ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും തുടർന്ന് ജസ്റ്റിൻ സാർ, ജാസ്മിൻ ടീച്ചർ തുടങ്ങിയവരുടെ ശിക്ഷണത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ സ്വരൂപിച്ച 480 പൗണ്ട് കൂടാതെ ദൈനംദിന ജീവിതത്തിന് വേണ്ട വസ്തുവകകൾ സ്റ്റോക്ക് ഓൺ ട്രെൻ്റ് ബെർസലേം കാത്തലിക് ചർച്ച് ചാരിറ്റിയുടെ ഫണ്ടിലോട്ടും അതുപോലെ ഫുഡ് ബാങ്കിലോട്ടും കുട്ടികൾ തന്നെ കൈമാറ്റം ചെയ്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവരുടെ പ്രായത്തിനും അഭിരുചിക്കും യോജിച്ച വിധത്തിൽ നടത്തപ്പെടുകയുണ്ടായി. കുട്ടികൾക്കുവേണ്ടി ബൗൺസി കാസ്റ്റിൽ ഒരുക്കിയിരുന്നു. കൂടാതെ നെയിൽപോളിഷ്, ക്വിസ്, ആർട്ട് കോമ്പറ്റീഷൻ, ഹെന്നാ , സ്കാവഞ്ചർ ഹൻഡ്, ബൗളിങ് തുടങ്ങിയ ഒട്ടനവധി പരിപാടികൾ കുട്ടികൾ ആസൂത്രണം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും കുട്ടികൾ തന്നെ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് രുചികരമായ ബിരിയാണി വിതരണം ചെയ്തു. സ്റ്റോക്ക് ഓൺ ട്രെൻ്റ് മിഷനിലെ വിമൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് സ്റ്റാളിൽ നിന്ന് അതീവ രുചികരമായ ഹോം മെയ്ഡ് ഭക്ഷണപാനീയങ്ങൾ ലഭ്യമായത് തിരുനാളാഘോഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇടയാക്കി.
വൈകിട്ട് 8 .30 ന് തിരുനാളും മറ്റു പരിപാടികൾക്കും തിരശ്ശീല വീഴുകയും മിഷൻ വികാരി ജോർജ് എട്ടുപറയിൽ അച്ചൻ തൻ്റെ നന്ദി പ്രകാശനത്തിൽ കുട്ടികളുടെ തിരുനാളിന് നേതൃത്വം നൽകിയ സീനിയർ സ്റ്റുഡൻറ് കൗൺസിൽ ലീഡർ മോൻസിബേബി, മെൽവിൻ ബേബി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കന്മാർക്കും സൺഡേസ്കൂൾ അധ്യാപകർക്കും മറ്റ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുകയുണ്ടായി. നമ്മുടെ ക്ഷണം സ്വീകരിച്ച് തിരുനാൾ സന്ദേശം നൽകാൻ എത്തിയ മൈക്കിൾ അച്ചൻ , യൂജിൻ ജോസഫ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുകയുണ്ടായി .
Leave a Reply