ന്യൂഡൽഹി ∙ വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നിർദേശങ്ങൾ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2026 ഫെബ്രുവരി 24ന് പുറപ്പെടുവിച്ച പരിഷ്കരിച്ച ചട്ടപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക ചാർജില്ലാതെ റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി യാത്രക്കാർക്ക് സാധിക്കും. എന്നാൽ ആഭ്യന്തര സർവീസുകൾക്കായി കുറഞ്ഞത് ഏഴ് ദിവസം മുൻപും അന്താരാഷ്ട്ര സർവീസുകൾക്കായി 15 ദിവസം മുൻപും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്ന വ്യവസ്ഥ ബാധകമാണ്. ഇതിലൂടെ അടിയന്തിര സാഹചര്യങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് സാമ്പത്തിക നഷ്ടഭയം കുറയുമെന്നാണ് വിലയിരുത്തൽ.
ടിക്കറ്റിൽ പേര് ടൈപ്പ് ചെയ്യുമ്പോൾ സംഭവിക്കുന്ന പിശകുകൾ തിരുത്തുന്നതിനും ഇനി അധിക ചെലവ് വേണ്ട. ബുക്കിംഗ് നടത്തിയതിന് 24 മണിക്കൂറിനുള്ളിൽ തെറ്റ് അറിയിച്ചാൽ വിമാനക്കമ്പനികൾ സൗജന്യമായി പേര് തിരുത്തി നൽകണം. എയർലൈൻ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്തവർക്കാണ് ഈ സൗകര്യം ലഭിക്കുക. ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് ഓൺലൈൻ പോർട്ടലുകൾ വഴിയോ ടിക്കറ്റ് എടുത്താലും പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വിമാനക്കമ്പനിക്ക് തന്നെയായിരിക്കും. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക മടക്കി നൽകണം എന്നും നിർദേശം പറയുന്നു.
യാത്രക്കാരനോ അടുത്ത കുടുംബാംഗങ്ങളിലാരെങ്കിലുമോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ ടിക്കറ്റ് റദ്ദാക്കലിനുള്ള ചട്ടങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി തടസപ്പെട്ടതിനെ തുടർന്ന് റീഫണ്ട് ലഭിക്കാൻ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകളും പരാതികളും പരിഗണിച്ചാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഇടപെടൽ. യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും എയർലൈൻ കമ്പനികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണിവയെന്ന് അധികൃതർ അറിയിച്ചു.











Leave a Reply