ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിച്ചുകൊണ്ട് എൻഎച്ച്എസിനെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കുന്നു. 51കാരിയായ ജാക്കി ഹോഡ്‌ലിയുടെ മക്കളായ മാത്യു (15), എല്ലി (8)എന്നിവർ അപസ്മാരം, മസ്തിഷ്കക്ഷതം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. 24 മണിക്കൂറും സംരക്ഷണം ആവശ്യമുള്ള കുട്ടികളാണ് ഇരുവരും. എല്ലി എന്ന കുട്ടിയ്ക്ക് കാഴ്ചയും ഇല്ല. ഈസ്റ്റ് സസ്സെക്‌സ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റ്, ഓരോ കുട്ടിയ്ക്കും ദിവസേന അഞ്ചു പാഡുകൾ വീതം നൽകാറുണ്ടായിരുന്നു. ഒപ്പം ഒരു സ്പെഷ്യലിസ്റ്റ് നഴ്‌സിന്റെ സഹായവും ഉണ്ടായിരുന്നു. രണ്ട് കുട്ടികളും 24 മണിക്കൂറും പാഡുകൾ ധരിക്കേണ്ടിവരുന്നു. എന്നാൽ ഏപ്രിൽ മുതൽ പാഡുകളുടെ എണ്ണം ഒരു ദിവസം 3 എണ്ണം മാത്രമാക്കി എൻഎച്ച്എസ് ചുരുക്കി.
“കുട്ടികളെ സംരക്ഷിക്കാൻ ഒരു വർഷം 1600 പൗണ്ട് വേണ്ടിവരും . പുറത്തുപോകുമ്പോൾ പാഡുകൾ മാറ്റിയില്ലെങ്കിൽ അത് ദുർഗന്ധത്തിന് കാരണമാകും. സമീപത്തു നിൽക്കുന്ന ആളുകൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. ഞങ്ങൾ തന്നെ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു അസുഖങ്ങൾ ഉണ്ടാവും. സാമൂഹ്യപ്രവർത്തകർ ഞങ്ങളോട് ചോദിക്കും, കുട്ടികളെ നിങ്ങൾ നോക്കുന്നില്ലെ എന്ന്?” അവൾ കൂട്ടിച്ചേർത്തു. “നിങ്ങൾ എത്ര തവണ ടോയ്‌ലെറ്റിൽ പോകും? 3 തവണ പോയി കഴിഞ്ഞ് ഇനി പോകരുതെന്ന് പറയുന്നപോലെയാണിത്. ഇത് മനുഷ്യാവകാശലംഘനമാണ് ” ജാക്കി ആരോപിച്ചു. ഇതിനെപറ്റി എൻഎച്ച്എസിലെ സേവന മേധാവിയോട് ആദ്യം പരാതിപ്പെട്ടപ്പോൾ സഹായിക്കാൻ ഒരു നിവർത്തിയുമില്ലെന്നാണ് അവർ അറിയിച്ചത്.
വികലാംഗരായ എല്ലാവർക്കും ആവശ്യമുള്ളത്ര പാഡുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം ഓൺലൈനിൽ നൽകിയിട്ടുണ്ട് . നിലവിൽ 75000 പേരുടെ ഒപ്പുകൾ അതിലുണ്ട്. ജാക്കി പറഞ്ഞു “ഞങ്ങൾ കുട്ടികൾക്കുവേണ്ടി പോരാടുന്നില്ലെന്നാണ് അവർ കരുതുന്നത്. എന്നാൽ ഞങ്ങളുടെ കുട്ടികൾ സുരക്ഷിതരും ആരോഗ്യവാന്മാരുമായി ജീവിക്കുവാൻ വേണ്ടി ഞങ്ങൾ എപ്പോഴും പോരാടും.” ഈ നിവേദനത്തെ എംപി സ്റ്റീഫൻ ലോയ്ഡ് പിന്തുണച്ചു. ഈ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ അദ്ദേഹം പാർലിമെന്റിൽ വിശദീകരിച്ചിരുന്നു.എന്നാൽ ആരോഗ്യ, സാമൂഹിക പരിപാലന സെക്രട്ടറി മാറ്റ് ഹാൻകോക്കുമായി കൂടികാഴ്ച നടത്തുമെന്ന് ലോയ്ഡ് പറഞ്ഞെങ്കിലും അത് ഇതുവരെയും നടന്നിട്ടില്ല .
Leave a Reply