ജെറിൻ തോമസ്, ഗെയിന്‍സ്ബറോ 

ലോകശക്തികളില്‍ മികവുറ്റ സാമ്രാജ്യ ശക്തിയായി വളര്‍ന്നു വന്ന്, വലുപ്പത്തില്‍ ചെറുതാണെങ്കിലും ശക്തിയിലും ബുദ്ധിയിലും ഇന്നും വന്‍ ശക്തികളായി തന്നെ വിരാജിക്കുന്ന, സാംസ്‌കാരിക വിദ്യാഭ്യാസ സംരംഭങ്ങളുടെ കേന്ദ്രമായ ബ്രിട്ടന് എവിടെയാണ് തെറ്റുപറ്റിയത്? നിയമത്തെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും എല്ലായ്പ്പോഴും മുന്‍നിരയില്‍ ഒന്നാമതായുള്ള രാജ്യമെന്ന നിലയിലും തെറ്റ് പറ്റിയാല്‍ അതിനെ അംഗീകരിക്കുകയും ‘സോറി’ എന്ന പദം കാഷ്വല്‍ ഭാഷാപ്രയോഗത്തില്‍പ്പോലും ഉള്‍പ്പെടുത്തികൊണ്ട് തെറ്റുകള്‍ നഷ്ടപരിഹാരത്തോടെ എപ്പോഴും തിരുത്തുകയും ചെയ്യുന്ന ഏക ലോകശക്തി എന്ന പദവി അര്‍ഹിക്കുന്ന ഈ രാജ്യത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഒരു തെറ്റ് കാണാനാവുന്നില്ലെയോ?

2006ലെ നിയമപ്രകാരം ഓവറോള്‍ 6 സ്‌കോര്‍ ഉള്ളവരും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ എഷ്യന്‍ നഴ്സസ് അഡാപ്‌റ്റേഷന്‍ ട്രെയിനിംഗ് വഴി ഇവിടെ PIN number നേടാമായിരുന്നു. ഈ നിയമപ്രകാരം ഇവിടെ ഓവറോള്‍ 6 നേടിയ എഷ്യന്‍ നഴ്സുമാര്‍ ഇവിടെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ മാറിവന്ന നിയമങ്ങള്‍ 6 എന്നത് 6.5 പിന്നീട് 7 വീണ്ടും ഓരോ വിഷയത്തിനും 7 സ്‌കോര്‍ എന്നിങ്ങനെ എത്തിപ്പെടാനാകാത്ത ലെവലായി ഉയര്‍ത്തിയതിനാല്‍, അന്ന് എത്തിച്ചേര്‍ന്നവര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ അസിറ്റന്റ് പോലുള്ള ഒരു ജോലിയിലേക്ക് മാറേണ്ടി വരികയും അനുദിനം IELTS നുംOET പോലുള്ള മറ്റ് ട്രെയിനിംഗുകള്‍ക്കും വേണ്ടി താങ്ങാനാവാത്തവിധം പണം ചെലവഴിച്ച് ഇന്നും മൂകമായി ജീവിക്കുന്നു.

ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത 10 വര്‍ഷങ്ങള്‍ക്കുപരി ഈ രാജ്യത്ത് സേവനം ചെയ്തിട്ടും ബ്രിട്ടീഷ് പൗരത്വം നേടിയിട്ട് പോലും എഷ്യന്‍ രാജ്യത്ത് നിന്നും വന്നുവെന്ന കാരണത്താല്‍ ഇവര്‍ ഇന്നും IELTS നിബന്ധനകള്‍ക്ക് വിധേയരായി പിന്‍ നമ്പര്‍ ലഭിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ എഴുതാനോ പോലും പ്രാവീണ്യമില്ലാത്തവര്‍ ഈ IELTS കടമ്പകള്‍ ബാധകമല്ലാതെ തങ്ങളുടെ പിന്‍ നമ്പര്‍ നേടിയെടുക്കുമ്പോള്‍ ഭാഷാ പ്രാവീണ്യമുള്ള ഏഷ്യന്‍ നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത് ഇനിയും കാണാനാവുന്നില്ലയോ?

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ബ്രിട്ടീഷ് പൗരത്വം നേടിയ എഷ്യന്‍ നഴ്സിന് നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നത് കാണാന്‍ നല്ല മനസുള്ള ഈ രാജ്യത്തിന് തെറ്റുപറ്റിയോ? മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഈ രാജ്യത്തെ നിയമ മാനദണ്ഡങ്ങള്‍ വിശ്വസിച്ച് കുടിയേറിയപ്പോള്‍ വന്നതിന് ശേഷം മാറിയ മാനദണ്ഡങ്ങള്‍ മൂലം സ്വന്തം പ്രൊഫഷന്‍ നഷ്ടമായ ഇവര്‍ക്ക് ഈ മാറിയ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്ന് അംഗീകരിക്കുന്നതെല്ലേ നീതിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?

Discrimination എന്നാല്‍ unjust treatment of different categories of people especially on the ground of race,age and sex. അപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയിട്ട് പോലും ഏഷ്യയില്‍ നിന്നും വന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്ന് വന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും നല്‍കാത്തത് വംശീയ വിവേചനമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ഇതില്‍ ഒരു വംശീയ വിവേചനം ഒളിഞ്ഞു കിടപ്പില്ലേ?

ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊഫഷണലുകള്‍ക്ക് ഈ IELTS or OET Exam നല്‍കിയാല്‍ എത്രപേര്‍ ഓരോ വിഷയത്തിനും 7 സ്‌കോര്‍ വാങ്ങി പാസാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ഇവരെ പിന്‍ നമ്പര്‍ നേടാനാവാത്തവിധം മാറ്റി നിര്‍ത്തുന്നത് നീതി ആണോ?

നഴ്സ് എന്ന പ്രത്യേക പദവിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് അവര്‍ക്ക് ജോലിയില്‍ ആവശ്യമായ പരിജ്ഞാനം അളന്നു നോക്കുന്ന പരീക്ഷകള്‍ക്ക് പകരം എത്തിപിടിക്കാനാവാത്ത ഭാഷാ പരീക്ഷകള്‍ മാത്രം മാനദണ്ഡമായി പരിഗണിക്കുന്നത് ശരിയാണോ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യാവകാശങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്കും അങ്ങേയറ്റം മൂല്യം കല്‍പ്പിക്കുന്ന, മനുഷ്യരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലും Equality, non- discrimination എന്ന വലിയ പുണ്യങ്ങളെ എന്നും കൃത്യമായി പാലിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് ഇനിയും തിരിച്ചറിയിനാകാത്ത ഒരു Blindspot mistake ആണോ ഇത്?

സ്വന്തം തെറ്റുകള്‍ തിരുത്തുവാനും അതിന്റെ കാരണത്താല്‍ ഉണ്ടായ കുറവുകള്‍ക്ക് എന്നും പരിഹാരം നിര്‍ദേശിച്ച് നീതിയും തുല്യതയ്ക്കും വേണ്ടി വര്‍ത്തിക്കുന്ന ഏക രാജ്യമെന്ന നിലയിലും ലോക പ്രശസ്തമായ ബ്രിട്ടന് ഈ തെറ്റ് എങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനിയും ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.

മൂകമായി ഉള്ളിലൊതുക്കുന്ന വിതുമ്പലുകളുമായി ആയിരങ്ങള്‍ തങ്ങളുടെ പ്രൊഫഷനുകളില്‍ ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗം എന്ന ഒറ്റ കാരണം മുഖേന നീതി നിഷേധിക്കപ്പെടുവാന്‍ ഈ രാജ്യം ഒരിക്കലും അനുവദിക്കില്ല എന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഇനിയവര്‍ക്കാശ്വാസം.

ഒരു ചെറിയ കാലയളവില്‍ ഓണ്‍ ദി ജോബ് ട്രെയിനിംഗ് നല്‍കി ഇവരെ ബാന്‍ഡ് 5 ടോപ്പ് ഗ്രേഡില്‍ എടുത്താലും ഈ കുറവുകള്‍ വരുത്തിയ മുറിവുകൾ മറക്കാനാവും വിധം തിരുത്താനാകുമോ?

ഒരു അലിഖിത ഭരണഘടയുള്ള ഉള്ള സൂപ്പര്‍ പവര്‍ ആയി വര്‍ത്തിക്കുന്ന ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഈ രാജ്യത്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇനിയും എത്രകാലം കാത്തിരിക്കണം ഈ കുറവുകള്‍ നികത്തപ്പെടുവാന്‍?

കൺസൾട്ടേഷൻ പ്രഖ്യാപിക്കുക… എൻഎംസിയെ സമീപിക്കാനുള്ള അടുത്ത ഘട്ട നടപടികളുമായി കേംബ്രിഡ്ജ് കൗൺസിലർ ബൈജു തിട്ടാല. ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഏകീകരിക്കണമെന്ന ആവശ്യത്തിന് രാഷ്ട്രീയ പിന്തുണ ഉറപ്പായി. നോൺ യൂറോപ്യൻ വിവേചനം മൂലം രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ വിവരശേഖരണം ഊർജ്ജിതം.