ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികളിലും യുവാക്കളിലും പുകവലിയുടെ ദൂഷ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി യുകെയിൽ ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കും. പരമ്പരാഗത പുകയില ഉത്പന്നങ്ങളായ സിഗരറ്റുകളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണെന്ന ധാരണയിൽ ഡിസ്പോസിബിൾ വേപ്പുകൾ രാജ്യത്ത് വ്യാപകമായ തോതിൽ ഉപയോഗിച്ചു വരുകയായിരുന്നു. ഒട്ടേറെ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത് (ആഷ്) ചാരിറ്റിയുടെ കണക്കുകൾ പ്രകാരം 11 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികളിൽ 7.6 % ഇപ്പോൾ പതിവായോ ഇടയ്ക്കിടയ്ക്കോ ഇവ ഉപയോഗിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്ത് ഉടനീളം നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നിലവിൽ പദ്ധതി തയ്യാറാക്കുന്നത്. നിരോധനത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി തന്നെ വിശദീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. വേപ്പിംഗ് കുട്ടികളിൽ വർദ്ധിക്കുന്നുവെന്നും അത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മുമ്പ് നമ്മൾ ഉചിതമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി ഋഷി സുനക് ഒരു പ്രസ്താവനയിൽ പറഞ്ഞു . പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2009 ജനുവരി 1 നോ അതിനുശേഷമോ ജനിച്ച ആർക്കും സിഗരറ്റ് വിൽക്കുന്നത് കഴിഞ്ഞവർഷം നിരോധിച്ചിരുന്നു. ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം അതിൻ്റെ തുടർച്ചയായാണ് പരിഗണിക്കുന്നത്.

ഡിസ്പോസിബിൾ വേപ്പുകളും അവയുടെ ബാറ്ററികളും പരിസ്ഥിതിയ്ക്ക് വൻ നാശം വരുത്തുമെന്ന വാദവും ശക്തമാണ്. നിരോധനത്തിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. കടകളിൽ കുട്ടികൾ കാണാതെയും മധുര പലഹാരങ്ങൾ പോലുള്ള മറ്റ് ഉത്പന്നങ്ങളിൽ നിന്ന് മാറ്റിയും വേപ്പുകൾ വയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ കർശന നിർദ്ദേശം നൽകുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗത സിഗരറ്റുകളുടെ അത്ര അപകടകാരികളല്ലെന്ന രീതിയിൽ പലപ്പോഴും വിൽക്കപ്പെടുന്ന ഇ സിഗരറ്റുകളുടെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്താണെന്നതിനെ കുറിച്ച് മതിയായ ഗവേഷണങ്ങൾ ഇതുവരെ നടന്നിട്ടില്ല .