ന്യൂഡല്‍ഹി: ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവേചനം നിലനില്‍ക്കുന്നതായി വ്യക്തമാക്കി നിരവധി ദളിത് എംപിമാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ യശ്വന്ത് സിന്‍ഹയാണ് ഇക്കാര്യം ഉന്നയിച്ച് അവസാനമായി മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. ദളിതനായ ഇദ്ദേഹത്തിന് നേരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിവേചനം നേരിടുന്നതായി കത്തില്‍ പറയുന്നു.
‘ദളിത് ആയതിനാല്‍ എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നില്ല. സംവരണം കാരണം മാത്രമാണ് ഞാന്‍ എം.പിയായത്. നാലുവര്‍ഷം ഭരിച്ചിട്ടും ബിജെപി സര്‍ക്കാര്‍ മുപ്പതുകോടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല’ യശ്വന്ത് സിന്‍ഹ കത്തില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിവേചനത്തെപ്പറ്റി പരസ്യമായി പ്രതികരിക്കുന്ന നാലാമത്തെ എംപിയാണ് യശ്വന്ത് സിന്‍ഹ.
നേരത്തെ എം.പിമാരായ അശോക് ദോഹ്രെ, ഛോട്ടേലാല്‍ ഖര്‍വാറും, സാവിത്രി ഫൂലെയും വിവേചനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബി.ജെ.പി സ്ഥാപിതമായതിന്റെ 38-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേതൃത്വത്തിന് നേരെയുണ്ടാകുന്നത്.
Leave a Reply