ന്യൂസ് ഡെസ്ക് മലയാളം യുകെ
നെതർലൻഡ് : ബാൾട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയ 400 വർഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള നിഗൂഢതകൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ആർക്കിയോളജിസ്റ്റുകൾ. ഫ്ലോയിറ്റ് മാതൃകയിലുള്ള ഈ ഡച്ച് കപ്പൽ ചരക്ക് ഗതാഗതത്തിനായാണ് മുഖ്യമായും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും മുങ്ങൽ വിദഗ്ധർ കഴിഞ്ഞ വർഷം കണ്ടെത്തിയ ഈ കപ്പലിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ പുരാവസ്തുഗവേഷകർ നടത്തിവന്നത്. പഠനങ്ങൾക്കിടയിൽ കപ്പലിന്റെ പേരും, പുറത്തിറക്കിയ വർഷവും രേഖപ്പെടുത്തിയ കപ്പലിന്റെ ഒരുഭാഗം ഗവേഷകർക്ക് ലഭിച്ചതാണ് ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്. കപ്പലിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതായി സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജിസ്റ്റ് നിക്ലസ് എറിക്സൺ വ്യക്തമാക്കി. ‘സ്വാൻ ‘ എന്ന് പേരിട്ടിട്ടുള്ള ഈ കപ്പൽ 1636 ലാണ് നിർമ്മിച്ചതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ മുപ്പത് വർഷത്തെ അനുഭവങ്ങൾക്കിടയിൽ ഒരു വഴിത്തിരിവാണ് ഇതെന്ന് ഫിന്നിഷ് ഹെറിറ്റേജ് ഏജൻസി വക്താവ് മിന്നാ കൊയ്‌വിക്കോ അഭിപ്രായപ്പെട്ടു.
ഇത്രയും വിവരങ്ങൾ ലഭിച്ചതിലൂടെ കപ്പലിലെ ജീവനക്കാരുടെ പേരുകൾ വരെ ലഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഡച്ചുകാരുടെ പ്രത്യേകതയായിരുന്ന ഫ്ലോയിറ്റ് മാതൃകയിലുള്ള കപ്പലുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും ഇത് സഹായിക്കും. ഡച്ച് ഭരണകാലത്തെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമാണ് കപ്പൽ അവശിഷ്ടങ്ങൾ. പതിനേഴാം നൂറ്റാണ്ടിൽ ലോകത്തെ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഡച്ച് അധീനതയിലായിരുന്നു.
സമുദ്ര പ്രതലത്തിൽ നിന്നും 85 മീറ്റർ താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അധികം കേടുപാടുകളൊന്നും തന്നെ ഇതിന് ഉണ്ടായിരുന്നില്ല. ആയുധങ്ങളും തോക്കുകളും ഒന്നും തന്നെ ഇത്തരം കപ്പലുകളിൽ ഉണ്ടായിരുന്നില്ല. ചരക്ക് ഗതാഗതം ആണ് ഇത്തരം കപ്പലുകളുടെ മുഖ്യ ഉദ്ദേശം എന്ന് ആർക്കിയോളജിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. ഫിൻലാൻഡിലെ ഒരുകൂട്ടം നീന്തൽ വിദഗ്ധരാണ് ഈ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്.
Leave a Reply