ലണ്ടന്‍: പ്രവാസി ഇന്ത്യക്കാര്‍ ലോകമെങ്ങും വ്യാപിച്ചതോടെ ആഗോള ഉല്‍സവമായി മാറിയ ദീപാവലി ആഘോഷങ്ങള്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് നഗരങ്ങളില്‍ പൊടിപൊടിക്കുകയാണ്. വീടുകള്‍ നിറദീപങ്ങള്‍കൊണ്ട് അലങ്കരിച്ചും തെരുവോരങ്ങളിലും കെട്ടിടങ്ങളിലും വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ത്തും പ്രവാസി ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുകയാണ്. ക്രിസ്മസിനെയും പുതുവല്‍സരത്തെയും വെല്ലുന്ന കരിമരുന്നു കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയും മധുരപലഹാരങ്ങളും വിതരണം ചെയ്തുമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ദീപാവലി.
ക്രിസ്മസ് കഴിഞ്ഞാല്‍ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍സവമായി മാറിക്കഴിഞ്ഞ ദീപാവലിക്ക് ബ്രിട്ടീഷ് സര്‍ക്കാരും നഗരഭരണകര്‍ത്താക്കളും ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ‘ലൈറ്റ് അപ് ലണ്ടന്‍’ എന്നപേരില്‍ ‘ലണ്ടന്‍ ഐ’യെ വ്യത്യസ്ത വര്‍ണങ്ങളില്‍ അണിയിച്ചൊരുക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനമൊരുക്കി. ആ വര്‍ണവെളിച്ചത്തെ ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും സമര്‍പ്പിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ യാഷ് കുമാര്‍ സിന്‍ഹ ബ്രിട്ടണ് പ്രവാസി ഇന്ത്യക്കാരുടെ ഐക്യദാര്‍ഢ്യവും നന്ദിയും അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരായ എംപിമാര്‍ക്കൊപ്പം ലൈറ്റ് അപ് ലണ്ടന്‍ പരിപാടിയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ബ്രിട്ടണിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഹൈക്കമ്മിഷണറാണ് ഔദ്യോഗിക തുടക്കം കുറിച്ചത്.
തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി തെരേസ മേയുടെ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലും പ്രത്യേകം ദീപാവലി ആഘോഷങ്ങള്‍ നടന്നു. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രസല്‍സിലായിരുന്ന പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യന്‍ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലാണ് ഈ ആഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖ്യാതിഥിയായ ഈ ആഘോഷത്തില്‍ രാമായണകഥയെ ആസ്പദമാക്കിയുള്ള നൃത്തപരിപാടികള്‍ വരെയുണ്ടായി.
മഹാവിഷ്ണു നരകാസുരനെ നിഗ്രഹിക്കുന്ന വിശ്വാസകഥയെ ഉരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയമായി വ്യാഖ്യാനിക്കുന്ന ദീപാവലി, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ പ്രത്യേകമായി ആരാധിക്കാനുള്ള അവസരംകൂടിയാണ്. ബിസിനസ് വര്‍ഷത്തിന്റെ തുടക്കമായി കരുതുന്നതിനാല്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള നല്ലദിനമായും ദീപാവലി കുറിക്കപ്പെടുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. അതുതന്നെയാണ് ദീപാവലിയെ ഇവിടെ വലിയ ആഘോഷമാക്കി മാറ്റുന്നതും. ബ്രിട്ടനിലാകെ പതിനഞ്ചു ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനത്തോളമാണിത്. ഇതില്‍ ഏറെപ്പേരും താമസിക്കുന്നത് ലണ്ടന്‍ നഗരത്തിലും മറ്റ് വന്‍ നഗരങ്ങളിലുമാണ്. ബ്രിട്ടീഷ് നഗരങ്ങളിലെ പ്രധാനപ്പെട്ട ആഘോഷമാക്കി ദീപാവലിയെ മാറ്റുന്നതും ഇന്ത്യക്കാരുടെ ഈ സജീവ സാന്നിധ്യമാണ്.
എല്ലാവര്‍ഷവും എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേരാറുണ്ട്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഔദ്യോഗികമായും ദീപാവലി ആഘോഷിക്കുന്നു.
ലണ്ടന് പുറമേ യുകെയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ദീപാവലി ആഘോഷിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. യൂറോപ്പില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍ അധിവസിക്കുന്ന ലെസ്റ്ററില്‍ സിറ്റി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വന്‍ ആഘോഷ പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ദീപാലങ്കരങ്ങളാല്‍ തെരുവീഥികള്‍ മുഴുവന്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ ഇന്ന് കരിമരുന്നു കലാപ്രകടനം ഉള്‍പ്പെടെ വലിയ ആഘോഷം നടക്കും.
Leave a Reply