കേരളത്തിന് പുതിയ നിര്‍മാണ സംസ്കാരം സമ്മാനിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) കൊച്ചി വിടാനൊരുങ്ങുന്നു. ഡിഎംആര്‍സി ഏറ്റെടുത്ത കരാര്‍ പ്രകാരമുള്ള മെട്രോ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ പേട്ടവരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും.
നിര്‍മാണം പുരോഗമിക്കുന്ന ചമ്പക്കര പുതിയ പാലത്തിന്റെയും സൗത്ത് സ്റ്റേഷന്റെ പൂര്‍ത്തിയാകാനുള്ള ഭാഗങ്ങളുടെയും മുട്ടത്തെ പവര്‍സപ്ലൈ കെട്ടിടത്തിന്റെയും നിര്‍മാണം ഓഗസ്റ്റോടെ പൂര്‍ത്തിയാക്കി സംസ്ഥാനം വിടാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത്. ഏതു പദ്ധതിയും വര്‍ഷങ്ങള്‍ വൈകി പൂര്‍ത്തിയാക്കിയിരുന്ന കേരളത്തിന്റെ പതിവ് ശീലത്തിന് വിപരീതമായിരുന്നു ഡിഎംആര്‍സിയുടെ നിര്‍മാണ പോളിസി.
നിശ്ചയിച്ച സമയത്തിനു മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ചും എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയും കേരളത്തെ അത്ഭുതപ്പെടുത്തി. ഇടയ്ക്കുണ്ടായ ചില തൊഴില്‍സമരങ്ങളുടെ തടസങ്ങള്‍ ഒഴിവാക്കിയാല്‍ മികച്ചയൊരു നിര്‍മാണ സൗഹൃദ സാഹചര്യം ഡിഎംആര്‍സിക്ക് ഒരുക്കിക്കൊടുക്കാൻ കേരളത്തിനും കഴിഞ്ഞു.
മെട്രോ നിര്‍മാണത്തിനു പുറമേ ഗതാഗതസൗകര്യങ്ങളുടെ ആധുനികവത്കരണവും ഡിഎംആര്‍സി ഏറ്റെടുത്തു നടത്തി. വീതികുറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ തിങ്ങിനിരങ്ങി പോയിരുന്ന കൊച്ചിയുടെ പഴയചിത്രം ഡിഎംആര്‍സിയുടെ വരവോടെ മാറി. മെട്രോ കടന്നുപോകുന്ന വഴികള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറുറോഡുകള്‍ പോലും ആധുനികനിലവാരത്തില്‍ പുനര്‍നിര്‍മിക്കപ്പെട്ടു.
നഗരത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടായിരുന്ന നോര്‍ത്ത്, ഇടപ്പള്ളി ഭാഗത്തെ മേല്‍പ്പാലങ്ങള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള എ.എല്‍. ജേക്കബ് മേല്‍പ്പാലം, പച്ചാളം മേല്‍പ്പാലം, ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ചമ്പക്കര മേല്‍പ്പാലം എന്നിവയൊക്കെ ഡിഎംആര്‍സി നിശ്ചയിച്ച സമയത്തിനു മുന്‍പ് പൂര്‍ത്തീകരിച്ചവയാണ്.
ആലുവ മുതല്‍ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിര്‍മാണ ചുമതലയുമായാണു ഡിഎംആര്‍സി കേരളത്തില്‍ വന്നത്. തലപ്പത്ത് രാജ്യത്തിന്റെ മെട്രോമാന് ഇ. ശ്രീധരനും. 2004 ഡിസംബര്‍ 22 നാണ് കൊച്ചി മെട്രോയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത്. 2006ല്‍ പണി തുടങ്ങി 2010 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആലോചന. എന്നാല്‍ കേന്ദ്രാനുമതി ലഭിച്ചത് 2012 മാര്‍ച്ച് 22 നാണ്.
അതിനു മുന്‍പുതന്നെ നോര്‍ത്ത് മേല്‍പ്പാലം, സലീം രാജന് പാലം, ബാനര്‍ജി റോഡ് വീതികൂട്ടല്‍, എംജി റോഡ് വീതികൂട്ടല്‍ എന്നിങ്ങനെയുള്ള പ്രവൃത്തികൾ തുടങ്ങി. 2012 സെപ്റ്റംബര്‍ 13നു മെട്രോയുടെ കല്ലിടല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് നിര്‍വഹിച്ചു. 2013 ജൂണ്‍ ഏഴിന് കൊച്ചി മെട്രോയുടെ നിര്‍മാണം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
2017 ജൂണ്‍ 17നു പാലാരിവട്ടം വരെയുള്ള ആദ്യ സ്ട്രക്ച്ചിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മഹാരാജാസ് സ്റ്റേഡിയം വരെയുള്ള പാത 2017 ഒക്ടോബര്‍ രണ്ടിനും തൈക്കൂടം വരെയുള്ള പാത 2019 സെപ്റ്റംബര്‍ മൂന്നിനും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി ഡിഎംആര്‍സി നിര്‍മിച്ച കാന്‍ഡിലിവര്‍ ഹാങിംഗ് ബ്രിഡ്ജ് കൊച്ചിയിൽ സൗത്ത് റെയില്‍വേ ലൈനുകള്‍ക്ക് മുകളിലൂടെയാണ്.
ലോക്ക്ഡൗണ്‍ വന്നില്ലായിരുന്നെങ്കില്‍ പേട്ട വരെയുള്ള പാത ഇതിലും നേരത്തെ പൂര്‍ത്തിയാകുമായിരുന്നു. കഴിഞ്ഞ നാലിന് ട്രെയിനുകള്‍ നിശ്ചിത വേഗതകളില്‍ ഓടിച്ച് സിംഗ്നലിംഗ് പരിശോധന നടത്തി. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ അന്തിമ പരിശോധനയാണ് ഇനി ശേഷിക്കുന്നത്.
Leave a Reply