ജോര്‍ദാന്‍ അഡ്‌ലാര്‍ഡ് റോജേഴ്‌സ് എന്ന മുന്‍ കെയര്‍ വര്‍ക്കര്‍ ഒരു സാധാരണക്കാരനാണ്. 31 വയസു വരെ സാധാരണക്കാരനായി ജീവിച്ച ജോര്‍ദാന് ഭാഗ്യം വന്നത് ഒരു ഡിഎന്‍എ പരിശോധനയിലൂടെയാണ്. അത് വെറും ഭാഗ്യമല്ല, 50 മില്യന്‍ പൗണ്ടിന്റെ സ്വത്താണ് ഇയാള്‍ക്ക് ലഭിച്ചത്. കോണ്‍വാളിലുള്ള 1536 ഏക്കര്‍ എസ്റ്റേറ്റ് ജോര്‍ദാന് ലഭിച്ചു. ചാള്‍സ് റോജേഴ്‌സ് എന്ന കോടീശ്വരനാണ് തന്റെ പിതാവെന്ന് തന്റെ എട്ടാമത്തെ വയസില്‍ തന്നെ സൂചന ലഭിച്ചിരുന്നുവെന്ന് ജോര്‍ദാന്‍ പറഞ്ഞു. ചാള്‍സിന്റെ മരണ ശേഷമാണ് ഡിഎന്‍എ ടെസ്റ്റിലൂടെ ജോര്‍ദാന്‍ മകനാണെന്ന് തെളിഞ്ഞതും അളവില്ലാത്ത സ്വത്തിന്റെ ഉടമയായി മാറിയതും.
അവിവാഹിതനായിരുന്ന ചാള്‍സ് റോജേഴ്സിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തിന് മറ്റ് അവകാശികള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരു സഹോദരന്‍ ചെറുപ്പത്തില്‍ തന്നെ ക്യാന്‍സര്‍ ബാധിതനായി മരിച്ചു പോയിരുന്നു. ചാള്‍സിന്റെ അച്ഛന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ജോണ്‍ റോജേഴ്സ് 2012ല്‍ മരിച്ചിരുന്നു. അമ്മയുടെ മരണ ശേഷം തന്റെ കാമുകിയും കുട്ടിയുമൊത്ത് താമസിച്ചിരുന്ന ജോര്‍ദാന്‍ കെയര്‍ വര്‍ക്കര്‍ ജോലിയായിരുന്നു ചെയ്തിരുന്നത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചാണ് ചാള്‍സ് റോജേഴ്‌സ് മരിച്ചത്.
ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ സ്വത്ത് ലഭിക്കാനുള്ള നീക്കങ്ങള്‍ ജോര്‍ദാന്‍ ആരംഭിച്ചു. അമ്മ മരിച്ചതിനു ശേഷം ചാള്‍സിനെ കണ്ട് താന്‍ മകനാണെന്ന കാര്യം ജോര്‍ദാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം കൊണ്ടുവന്നാല്‍ അംഗീകരിക്കാമെന്നായിരുന്നു ചാള്‍സിന്റെ നിലപാട്. അതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ചാള്‍സ് മരിക്കുന്നത്. ഇതിനു ശേഷം ചാള്‍സിന്റെ ചില അകന്ന ബന്ധുക്കള്‍ ജോര്‍ദാന് സ്വത്ത് ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ചാള്‍സുമായുള്ള രൂപ സാദൃശ്യം കണക്കിലെടുത്ത് ഡിഎന്‍എ പരിശോധന നടത്താനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു.
Leave a Reply