ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- വിവാഹം എല്ലാവരുടെയും മനസ്സിലെ സ്വപ്നമാണ്. എന്നാൽ വിവാഹങ്ങളെ സംബന്ധിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആഡംബരം കുറഞ്ഞ വിവാഹങ്ങളാണ് കൂടുതൽകാലം നിലനിൽക്കുന്നതെന്ന പുതിയ വെളിപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്. ബ്രൈഡൽ മാസികകളും, ഡയമണ്ട് കമ്പനികളുമെല്ലാം വിവാഹം അതിഗംഭീരമായി നടത്തുന്നതിനുള്ള നൂതന വഴികൾ തേടുമ്പോൾ, ഗവേഷകരുടെ വെളിപ്പെടുത്തൽ ഇതിനു വിപരീതമായാണ്.
സാമ്പത്തികശാസ്ത്ര പ്രൊഫസർമാരായ ആൻഡ്രൂ ഫ്രാൻസിസും, ഹ്യൂഗോ മിയാലോണും മൂവായിരത്തോളം ദമ്പതികളിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. വിവാഹ ചെലവുകൾക്ക് പ്രാധാന്യം നൽകുന്നവർ പുറംമോടിക്കാണ് പ്രാധാന്യം നൽകുന്നത്. അവരുടെ വിവാഹ ബന്ധം നീണ്ടു നിൽക്കാൻ ഉള്ള സാധ്യത കുറവാണ്. 2000 ഡോളറിൽ കൂടുതൽ വിവാഹമോതിരത്തിനായി ചിലവാക്കുന്നവരുടെ വിവാഹ ബന്ധങ്ങൾ തകരാനുള്ള സാധ്യത ഏറെയാണെന്ന് പഠനറിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ആയിരം ഡോളറിൽ താഴെ ഉള്ള ചെലവുള്ള വിവാഹങ്ങൾ നിലനിൽക്കാനുള്ള സാധ്യത ഏറെയാണെന്നും പറയുന്നു.
ദമ്പതികളുടെ സൗന്ദര്യം കണക്കിലെടുത്തു നടത്തുന്ന വിവാഹങ്ങളും നിലനിൽക്കാനുള്ള സാധ്യത കുറവാണെന്ന് പ്രൊഫസർ മിയലോൻ ഇൻഡിപെൻഡന്റിനു നൽകിയ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. വിവാഹജീവിതത്തിൽ ഹണിമൂണിന് വളരെ പ്രാധാന്യമുണ്ടെന്നും, ഹണിമൂണിന് പോകുന്നത് ദാമ്പത്യബന്ധത്തെ സുസ്ഥിരപ്പെടുത്തും എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. വിവാഹ ചെലവുകൾക്കായി ദൂർത്തടിക്കുന്നതിനേക്കാൾ , വിവാഹശേഷമുള്ള യാത്രകൾക്ക്പണം വിനിയോഗിക്കുന്നതാണ് ഉത്തമം. പുതിയ പഠനറിപ്പോർട്ടുകൾ ആധുനിക തലമുറയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ്.
Leave a Reply