ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ താൻ നേരിട്ട നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ വേദനകൾ പങ്കുവെച്ച് അതേ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർ. 2023 ജനുവരിയിൽ ആണ് സംഭവം നടന്നത്. ഗുരുതരമായ രോഗിയായ മകനെ ഡോക്ടർ താൻ ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ ആണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. അവിടെ അവൻ സെപ്സിസ് ബാധിച്ച് മരണമടയുകയായിരുന്നു.
മെനിഞ്ചൈറ്റിസ് സെപ്‌സിസായി വികസിച്ചതിനെ തുടർന്ന് ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ വില്യം ഹ്യൂസ് (22) മരിച്ചു. തൻറെ മകൻറെ മരണത്തെ തുടർന്ന് ഡോ. ഡെബോറ ബേൺസിൻ്റെ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും രോഗിക്ക് യഥാസമയം ലഭിച്ചില്ലെന്നാണ് കണ്ടെത്തിയത്. 22 വയസ്സുകാരനായ രോഗിയുടെ അവസ്ഥ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതരമായിരുന്നുവെന്നും വേഗത്തിൽ ചികിത്സിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവോ എന്ന് പറയാനാകില്ലെന്നും ഉള്ള ആശുപത്രിയെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവന്നത്.
തൻറെ മകൻറെ മരണത്തിൽ താൻ ജോലി ചെയ്ത ഹോസ്പിറ്റലിൽ നിന്നുള്ള നിരുത്തരവാദപരമായ പെരുമാറ്റം കാരണമുള്ള മാനസിക വിഷമം മൂലം പിന്നീട് ജോലിയിലേയ്ക്ക് മടങ്ങി വരാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഡോക്ടർ ബേൺസ് പറഞ്ഞു. എൻഎച്ച്എസിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പ്രതിരോധാത്മക സംസ്കാരത്തെ കുറിച്ച് ഇപ്പോൾ എനിക്ക് ബോധ്യമുണ്ടെന്നും താൻ അവരെ വിശ്വസിച്ചെങ്കിലും വഞ്ചിക്കപ്പെട്ടതായും അവർ പറഞ്ഞു. ഭാവിയിൽ ഇത്തരം മരണങ്ങൾ തടയുന്നതിനുള്ള വിശദമായ റിപ്പോർട്ട് ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് നൽകുമെന്ന് അന്വേഷണം നടത്തിയ കൊറോണർ വ്യക്തമാക്കി .
Leave a Reply