ലക്‌നൗവിൽ വിഷാദരോഗിയായ ഡോക്ടർ ഒമിക്രോൺ ഉൽക്കണ്ഠ മൂലം ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി. അതിദാരുണമായ മൂന്ന് കൊലപാതകങ്ങളാണ് കാൺപൂരിലുണ്ടായിരിക്കുന്നത്. ഒമിക്രോൺ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി തന്റെ രണ്ട് മക്കളെയും ഭാര്യയെയുമാണ് ഡോക്ടർ ഇല്ലാതാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടർക്കായി പോലീസ് ശക്തമായ അന്വേഷണത്തിലാണ്.
കൊലപാതകം നടന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പോലീസിന് ലഭിച്ചിരുന്നു. ഇതിലാണ് ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്ക ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. ‘ഒമിക്രോൺ എല്ലാവരെയും കൊല്ലും, ഇനി രക്ഷപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഞാൻ നിൽക്കുന്നത്, എന്റെ അശ്രദ്ധമൂലമാണ് അത് സംഭവിച്ചത്’ ഡയറിയിൽ ഇങ്ങനെയാണ് ഡോക്ടർ കുറിച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇദ്ദേഹം വിഷാദരോഗം അനുഭവിക്കുകയാണെന്നാണ് വിലയിരുത്തൽ.
കാൺപൂർ ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധനാണ് പ്രതിയായ ഡോക്ടർ സുഷീൽ കുമാർ. 48കാരിയായ ഭാര്യയെയും മക്കളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. മകന് 18ഉം മകൾക്ക് പതിനഞ്ചുമാണ് പ്രായം. മൂവരെയും കൊലപ്പെടുത്തിയ ശേഷം വിവരം പോലീസിൽ അറിയിക്കാൻ ആവശ്യപ്പെട്ട് സഹോദരന് സന്ദേശമയച്ചു. സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഡോക്ടർ രക്ഷപ്പെട്ടിരുന്നു. വീട്ടിൽ നിന്നും ചോരപ്പാടുകളുള്ള ഒരു ചുറ്റിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Leave a Reply