ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്ന റിഫോം യുകെ പാർട്ടി കോൺഫറൻസിൽ വിവാദ പ്രസംഗം നടത്തി ബ്രിട്ടീഷ് കാർഡിയോളജിസ്റ്റ് അസീം മൽഹോത്ര. രാജകുടുംബത്തിലെ അംഗങ്ങൾക്ക് ക്യാൻസർ രോഗം പിടിപെട്ടത് കോവിഡ് വാക്‌സിൻ മൂലമാകമെന്നായിരുന്നു അസീം മൽഹോത്രയുടെ പ്രസ്‌താവന. മുൻപും വാക്‌സിനുകളെ എതിർത്ത് സംസാരിക്കുന്നതിൽ പ്രസിദ്ധനായ അസീം റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശകനാണ്. ഒരു സീനിയർ ഓൺകോളജിസ്റ്റിൻെറ വീക്ഷണം അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്നായിരുന്നു അസീമിൻെറ വാദം. മറ്റ് പല ഡോക്ടർമാരും ഇതേ അഭിപ്രായം പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമർശത്തിന് പിന്നാലെ ശക്തമായ വിമർശനങ്ങളും പൊങ്ങി വന്നിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് കുറയുന്ന ഈ സമയത്ത്, അസീം മൽഹോത്രയുടെ ഈ പരാമർശം തീർത്തും നിരുത്തരവാദപരമാണെന്നായിരുന്നു ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻെറ അഭിപ്രായം. വിഷയത്തിൽ നിഗൽ ഫാരേജ് മാപ്പ് പറയണമെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാൻസർ റിസർച്ച് യുകെയും മൽഹോത്രയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. കോവിഡ് വാക്സിനുകളെ ക്യാൻസറുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ക്യാൻസർ റിസർച്ച് യുകെ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇതുവരെയും ബക്കിംഗ്ഹാം കൊട്ടാരം അഭിപ്രായം പറഞ്ഞിട്ടില്ല. “മെയ്ക്ക് ബ്രിട്ടൺ ഹെൽത്തി എഗൈൻ” എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച അസീം വാക്സിനുകൾ വൈറസിനേക്കാൾ അപകടകരമാണെന്ന് ആവർത്തിച്ച് വാദിച്ചു. വാക്സിനുകൾ മരണത്തിനും പരിക്കുകൾക്കും കാരണമായെന്ന അവകാശവാദങ്ങളോടെയാണ് പ്രസംഗം അവസാനിച്ചത്.
Leave a Reply