സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് കാലത്തെ സഹായമെന്നോണം വൻകിട സ്ഥാപനങ്ങൾക്ക് ലോൺ നൽകിയതിനെതിരെ സർക്കാരിന് രൂക്ഷവിമർശനം. ജോൺ ലൂയിസ്, ടോട്ടൻഹാം ഹോട്‌സ്പർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കായി 16 ബില്യൺ പൗണ്ടോളം ലോൺ ആയി നൽകിയെന്നാണ് കണക്കുകൾ. യുകെയിലെ ഏറ്റവും വലിയ എയർലൈൻസ് ഏകദേശം 2 ബില്യൺ പൗണ്ട് വായ്പയെടുത്തു. പൊതുജനങ്ങളുടെ പണം സർക്കാർ ദുരുപയോഗം ചെയ്‌തെന്ന് മുതിർന്ന ലേബർ എംപി മാർഗരറ്റ് ഹോഡ്ജ് വിമർശിച്ചു. യുകെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ചതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കോർപ്പറേറ്റ് കോവിഡ് ഫിനാൻസിംഗ് ഫെസിലിറ്റി (സിസിഎഫ്എഫ്). പകർച്ചവ്യാധി പ്രഹരം ഏല്പിച്ച ബിസിനസുകൾക്ക് പണം കടം കൊടുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി സ്കീമുകളിൽ ഒന്നാണിത്. ഈ സൗകര്യം ഉപയോഗിച്ച 53 സ്ഥാപനങ്ങളുടെ പട്ടികയിൽ എം & എസ്, അസോസ്, നിസ്സാൻ തുടങ്ങിയവരും ഉൾപ്പെടുന്നു. ജോലികൾ പരിരക്ഷിക്കുന്നതിനായി ബിസിനസ്സുകളെ പിന്തുണയ്ക്കുന്നത് ശരിയായ കാര്യമാണെന്ന് ഡാം മാർഗരറ്റ് പറഞ്ഞു. എന്നാൽ വൻകിട കോർപ്പറേറ്റുകൾക്ക് കോടിക്കണക്കിന് പൗണ്ട് സർക്കാർ ധനസഹായം നൽകുന്നത് തെറ്റായ നടപടിയാണെന്ന് അവർ കൂട്ടിച്ചേർത്തു. സ്കീം ആക്സസ് ചെയ്ത ധാരാളം കമ്പനികൾ വിദേശ അധിഷ്ഠിതമോ ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ളതോ ആണെന്ന് അവർ വെളിപ്പെടുത്തി. കോവിഡ് കാലത്തെ സാമ്പത്തിക തകർച്ചയിൽ സർക്കാരിന്റെ ഈയൊരു നടപടി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
അതേസമയം പൊതുഗതാഗതത്തിൽ മാത്രമല്ല, സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കണമെന്ന് ഡോക്ടർമാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. പൊതുഗതാഗത്തിൽ യാത്രചെയ്യുന്നവർ ജൂൺ 15 മുതൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ യാത്രക്കാർ മാത്രമല്ല, പൊതുസ്ഥലത്തിറങ്ങുന്ന മറ്റ് ആളുകളും മാസ്ക് ധരിക്കുന്നത് സുരക്ഷിതമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മാസ്‌ക്കുകൾ ഗതാഗതത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ഡോക്ടർമാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. മാത്രമല്ല ഈ നടപടി ഉടൻ ആരംഭിച്ചാൽ കൊറോണ വൈറസിൽ നിന്നുള്ള അപകടസാധ്യത കുറഞ്ഞിരിക്കുമെന്നും അവർ അറിയിച്ചു. വീട്ടിൽ തന്നെ നിർമിച്ചെടുക്കാവുന്ന മാസ്കുകൾ ഉപയോഗിക്കുന്നതാവും എളുപ്പം. വീട്ടിൽ നിന്ന് പുറത്തുപോകുമ്പോഴെല്ലാം മുഖം മറയ്ക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത് സർക്കാർ പരിഗണിക്കണമെന്ന് ബിഎംഎ ഏപ്രിലിൽ പറഞ്ഞിരുന്നു.
പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സർക്കാർ ഉറപ്പുവരുത്തണമെന്നും അവ എങ്ങനെ ശരിയായി ധരിക്കണമെന്നതിനുള്ള ഉപദേശം ജനങ്ങൾക്ക് നൽകണമെന്നും ബിഎംഎ കൗൺസിൽ അദ്ധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. രോഗികളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും അവരെ പരിചരിക്കുന്ന ആളുകളും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിലവിൽ പറയുന്നത്. ലോകാരോഗ്യസംഘടന സാധാരണയായി പൊതുജനങ്ങൾക്കായി മാസ്കുകൾ ശുപാർശ ചെയ്യുന്നില്ല. എന്നാൽ യുകെയിൽ കോവിഡ് ബാധിച്ച് ഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന അനേകം തൊഴിലാളികൾ മരിച്ചതിനെത്തുടർന്നാണ് സർക്കാർ ഈ സുരക്ഷാ നടപടി സ്വീകരിച്ചത്.
Leave a Reply