ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പരിധി മാറ്റാനുള്ള ആവശ്യം ശക്തം. റോഡ് മെഡിക്കൽ, റോഡ് സുരക്ഷാ ഓർഗനൈസേഷനുകളാണ് മദ്യപിച്ച് ഡ്രൈവിംഗ് പരിധി ഒരു ചെറിയ ഗ്ലാസ് വൈൻ അല്ലെങ്കിൽ ബിയറിന് തുല്യമായി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നിലവിലെ നിയമം അനുസരിച്ചുള്ള പരിധി 100 മില്ലി രക്തത്തിന് 80 മില്ലിഗ്രാം ആൽക്കഹോൾ ആണ്. ഇതിൽ യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 1967-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

അടുത്ത സർക്കാരിനോട് നിലവിലെ പരിധിയേക്കാൾ 100 മില്ലി രക്തത്തിന് 50 മില്ലിഗ്രാം ആൽക്കഹോൾ, അല്ലെങ്കിൽ 0.05% ആയി കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. 2021-ലും 2022-ലും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും ഏറ്റവും ഉയർന്ന നിലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംഎ തങ്ങളുടെ പ്രസ്‌താവന പുറത്ത് വിട്ടത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ച് വരുന്നതായി ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) റോഡിലെ മരണങ്ങളിൽ ഏകദേശം 20 ശതമാനവും മദ്യപാനം മൂലമാണെന്ന് പറയുന്നു. അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി യോജിച്ച് നിയമപരമായ മദ്യത്തിൻ്റെ പരിധി സർക്കാർ കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത ബിഎംഎയിൽ നിന്നുള്ള കാരി റെയ്ഡിംഗർ പറയുന്നു.