ചികിത്സിച്ചു ഭേദമാക്കാനാകാത്തതെന്ന് ഇതുവരെ കരുതിയിരുന്ന ഘട്ടത്തിലുള്ള സ്തനാര്‍ബുദത്തെ കീഴടക്കി പുതിയ തെറാപ്പി. ശരീരമാകമാനം പടര്‍ന്ന അര്‍ബുദത്തെ കീഴടക്കിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സാ മേഖലയില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വിദഗ്ദ്ധര്‍. ക്യാന്‍സര്‍ കോശങ്ങളെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കിക്കൊണ്ടുള്ള ചികിത്സാരീതിയാണ് പരീക്ഷിച്ചത്. ജൂഡി പെര്‍കിന്‍സ് എന്ന 49കാരിയായ എന്‍ജിനീയറാണ് ഈ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.
ലോകത്ത് തന്നെ ഇതാദ്യമായാണ് അന്തിമഘട്ട ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്നത്. വലത് സ്തനത്തില്‍ കണ്ടെത്തിയ ട്യൂമര്‍ നിരവധി കീമോതെറാപ്പി നല്‍കിയിട്ടും ഭേദപ്പെടുത്താനാകാതെ വന്നു. ഈ ട്യൂമര്‍ പിന്നീട് കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായും കണ്ടെത്തി. മൂന്ന് വര്‍ഷം വരെ മാത്രമേ ഇവര്‍ ജീവിച്ചിരിക്കാനിടയുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതോടെയാണ് പുതിയ തെറാപ്പി ഇവരില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇമ്യൂണോതെറാപ്പിയുടെ ഒരു വകഭേദമായ ഈ ചികിത്സയില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
ക്യാന്‍സര്‍ ബാധിച്ച കലകളില്‍ നിന്നുള്ള ഡിഎന്‍എയില്‍ പഠനം നടത്തി അവയുടെ സ്വഭാവം മനസിലാക്കുകയാണ് ആദ്യഘട്ടം. പിന്നീ്ട് ക്യാന്‍സര്‍ കോശങ്ങളെ നേരിടുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങളെ വേര്‍തിരിച്ചെടുത്തു. ഇവയെ ലബോറട്ടറിയില്‍ വളര്‍ത്തിയശേഷം ശരീരത്തില്‍ തിരികെ നിക്ഷേപിച്ചു. ഇതിനൊപ്പം പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ കൂടി നല്‍കിയായിരുന്നു ചികിത്സ. മേരിലാന്‍ഡിലെ യുഎസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പെര്‍ക്കിന്‍സ് ചികിത്സക്ക് വിധേയയായത്. ഈ തെറാപ്പി വളരെ ഫലപ്രദമായാണ് പെര്‍ക്കിന്‍സില്‍ പ്രവര്‍ത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Leave a Reply