അന്ധതയ്ക്ക് ഫലപ്രദമായ ചികിത്സ വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്ധത പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രം വളരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ചികിത്സ നടത്തിയ രണ്ട് പേരില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവര്‍ക്ക് വായിക്കാനുള്ള ശേഷി തിരികെ ലഭിച്ചതായും വിദഗ്ദ്ധര്‍ പറയുന്നു. പ്രായാധിക്യം മൂലം കണ്ണിന്റെ കാഴ്ച്ച ശക്തി നശിച്ചുകൊണ്ടിരുന്ന (എയ്ജ് റിലേറ്റഡ് മാക്യൂലാര്‍ ഡീജെനറേഷന്‍, എഎംഡി) രോഗികളാണ് ഇപ്പോള്‍ തെറാപ്പി നടത്തിയ രണ്ട് പേര്‍. ഇവരുടെ കാഴ്ച്ച പൂര്‍ണമായും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വായിക്കാനും ആളുകളെ തിരിച്ചറിയാനുമുള്ള ഇവരുടെ കഴിവ് കുറയുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണിന് നാശം സംഭവിച്ചിരിക്കുന്ന ഭാഗങ്ങള്‍ മൂലകോശ ചികിത്സയിലൂടെ തിരികെ കൊണ്ടുവരാനും ഇവരുടെ അന്ധതയ്ക്ക് പരിഹാരം കാണാനും കഴിഞ്ഞുവെന്ന് ഇവരെ ചികിത്സിച്ച സര്‍ജന്‍ പറയുന്നു. ഇപ്പോള്‍ വായിക്കാന്‍ മാത്രമല്ല കൃത്യമായ കാഴ്ചയും ഇവര്‍ക്ക് തിരികെ ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
പ്രായാധിക്യം മൂലം നേത്ര കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും അതുവഴി കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന 600,000 മുതല്‍ 700,000 പേര്‍ യുകെയില്‍ മാത്രമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഭാവിയില്‍ പുതിയ ചികിത്സാ സംവിധാനം നിലവില്‍ വരുന്നതോടെ ഇവരെ സഹായിക്കാനാകുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റല്‍ നേത്ര സര്‍ജനായ ലിന്‍ഡന്‍ ഡ ക്രൂസ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ പീറ്റ് കോഫി എന്നിവര്‍ ലണ്ടന്‍ പ്രോജക്ട് ഓഫ് ക്യുവര്‍ ബ്ലൈന്‍ഡ്‌നസ് എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മാക്യുലയിലെ റെറ്റിനല്‍ പിഗ്മെന്റ് എപ്പിത്തേലിയല്‍ കോശങ്ങളാണ് (ആര്‍പിഇ) പ്രകാശ സംവേദന കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നത്. ആര്‍പിഇയുടെ സഹായമില്ലെങ്കില്‍ ഈ ഫോട്ടോറിസപ്റ്റര്‍ കോശങ്ങള്‍ നശിക്കും.
നേത്രഗോളത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത് മൂലം മാക്യുല നശിക്കുന്ന വെറ്റ് എഎംഡി രോഗമുള്ള പത്ത് പേരിലാണ് പുതിയ ചികിത്സ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇവരില്‍ 60കാരിയായ ഒരു സ്ത്രീക്കും 86കാരനായ പുരുഷനുമാണ് ആദ്യം ചികിത്സ നടത്തിയത്. കണ്ണുകളിലെ രക്തസ്രാവം മൂലം ഒന്നര മാസത്തിനുള്ളില്‍ അന്ധതയുണ്ടാകാന്‍ സാധ്യതുണ്ടായിരുന്ന ഇവരുടെ ഒരു കണ്ണിനുള്ളില്‍ ആര്‍പിഇ ആയി മാറാന്‍ കഴിയുന്ന മൂലകോശങ്ങളുടെ ഒരു പാളി സ്ഥാപിച്ചു. ഇരുവരിലുമുണ്ടായ മാറ്റം അദ്ഭുതകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്രോയ്‌ഡോണ്‍ സ്വദേശിയായ 86 കാരനില്‍ ഡോക്ടര്‍മാര്‍ക്ക് കാര്യമായ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ പത്രം വായിക്കാനും ഗാര്‍ഡനിംഗില്‍ ഭാര്യയെ സഹായിക്കാനും തനിക്ക് കഴിയുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ എന്‍എച്ച്എസ് സര്‍ജന്‍മാര്‍ക്ക് നടത്താവുന്ന വിധത്തിലാക്കാന്‍ കഴിയുമെന്ന് കോഫി പറയുന്നു. ഇപ്പോള്‍ 10 ശതമാനം വെറ്റ് എഎംഡി രോഗികളിലാണ് ചികിത്സ ഫലപ്രദമായി നടപ്പാക്കാനാകുന്നത്. ഡ്രൈ എഎംഡി വളരെ സാവധാനത്തിലാണ് രോഗികളില്‍ രൂപപ്പെടുന്നത്. ഇവരിലും മൂലകോശ ചികിത്സ ഫലം ചെയ്യുമെന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്. തിമിര ശസ്ത്രക്രിയ പോലെ ചെലവ് കുറഞ്ഞ രീതിയിലേക്ക് ഈ ചികിത്സയും കുറച്ചു കാലത്തിനുള്ളില്‍ മാറ്റാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാഴ്ചയുടെ ലോകത്തുനിന്ന് പൂര്‍ണ്ണമായ അന്ധകാരത്തിലേക്ക് പോയ ലക്ഷങ്ങള്‍ക്ക് അതിലൂടെ പ്രതീക്ഷയുടെ വെളിച്ചമാകാന്‍ ഇതിന് കഴിയുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.
Leave a Reply