നിങ്ങള്‍ മണക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗന്ധം അനുഭവപ്പെടുന്നില്ലേ? കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണത്തിന് യാതൊരു രുചിയും തോന്നുന്നില്ലേ? എങ്കില്‍ നിങ്ങളെ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നത്. അവര്‍ക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും തുടക്കത്തില്‍ കണ്ടേക്കില്ലെന്നും ബ്രിട്ടനില്‍ നിന്ന് പുറത്തുവന്ന പുതിയ പഠനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. അതായത്, Anosmia, മണം നഷ്ടപ്പെടുന്ന അവസ്ഥ, Ageusia, രുചി നഷ്ടമാകുന്ന അവസ്ഥ എന്നിവ കൊറോണ വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങളായി കണക്കാക്കാം എന്നാണ് ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ക്ലാരി ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ അവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍ബന്ധിതമായി ഏഴു ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
“ഇതൊരു രോഗലക്ഷണമാണെന്ന കാര്യം വ്യക്തമാക്കാനും അതുവഴി ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നവര്‍ ഉടന്‍ തന്നെ സ്വമേധയാ ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്” എന്നും പ്രൊഫ. ഹോപ്കിന്‍സ് പറയുന്നു.
അവരും ബ്രിട്ടനിലെ ചെവി, മൂക്ക്, തൊണ്ട ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ENT UK-യുടെ പ്രസിഡന്റ് നിര്‍മല്‍ കുമാറും ചേര്‍ന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. മണവും രുചിയും നഷ്ടമാകുന്ന രോഗികളെ ചികിത്സിക്കുന്ന ENT വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ സംരക്ഷിത കവചങ്ങള്‍ ധരിച്ചിരിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ കാര്യങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സൈനസ് പോലുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നവരും തൊണ്ടയിലെ അസുഖങ്ങള്‍ ചികിത്സിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
രോഗമെമ്പാടുമുളള കോവിഡ്-19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊതുവായി കണ്ടെത്തിയ ഒരു കാര്യമാണ് ഈ രോഗികള്‍ക്ക് രുചിയും മണവും അനുഭവിക്കാനുള്ള ശേഷി തുടക്കത്തില്‍ നഷ്ടമാകുന്നുവെന്ന്. വ്യാപകമായ വിധത്തില്‍ കൊറോണ രോഗ പരിശോധന നടത്തുന്ന ദക്ഷിണ കൊറിയയില്‍ പൊസിറ്റീവായ 2000 പേരില്‍ 30 ശതമാനം പേര്‍ക്കും ഈ രണ്ടു കാര്യങ്ങളും പൊതുവായ ലക്ഷണമാണ് എന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
The American Academy of Otolaryngology- ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്നവരില്‍ തുടക്കമെന്ന നിലയില്‍ മണം, രുചി എന്നിവ അറിയാനുുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് അവരും പറയുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമുള്ളവരുമായവര്‍ ഒടുവില്‍ പോസിറ്റീവായി മാറിയ അവസ്ഥ കണ്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.
ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് ബോണിലെ വൈറോളജിസ്റ്റായ ഹെന്‍ഡ്രിക് സ്ട്രീക് പറയുന്നത്, താന്‍ സന്ദര്‍ശിച്ച കൊറോണ വൈറസ് ബാധിച്ച 100-ലധികം രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ദിവസങ്ങളോളം മണവും രുചിയും നഷ്ടപ്പെട്ടിരുന്നു എന്നാണ്. അവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി നിലവില്‍ പറയുന്ന പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ പറയുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ മണവും രുചിയും കുറയുകയോ ചെയ്യുന്നവരെ കൂടി നിരീക്ഷിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്താല്‍ രോഗം പടരുന്നത് കുറെക്കൂടി നേരത്തെയും ഫലപ്രദമായി ചെയ്യാമെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേരുന്നത്.
Leave a Reply