ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ആൽസൈമേഴ്സ് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ രക്ത പരിശോധനയ്ക്ക് തുടക്കം കുറിച്ചു . £100 മാത്രം ചെലവാകുന്ന പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നതിനും ചികിത്സ തുടങ്ങുന്നതിന്റെയും കാര്യത്തിൽ എൻഎച്ച്എസിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. രാജ്യത്തെ വിവിധ മെമ്മറി ക്ലിനിക്കുകളിൽ നിന്നാണ് ആയിരത്തിലധികം രോഗികളെ പഠനത്തിനായി തിരഞ്ഞെടുക്കുന്നത് . നിലവിൽ ബ്രിട്ടനിൽ അരലക്ഷത്തിലധികം പേരാണ് ആൽസൈമേഴ്സ് രോഗികളായുള്ളത് . എന്നാൽ മിക്കവരുടെയും കാര്യത്തിൽ രോഗനിർണ്ണയം വർഷങ്ങളോളം വൈകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ രോഗം തിരിച്ചറിയാൻ പി ഇ റ്റി സ്കാൻ, ലംബർ പംഗ്ചർ പോലുള്ള കഠിനവും ചെലവേറിയതുമായ പരിശോധനകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഇത്തരം പരിശോധനകൾ 2% രോഗികൾക്കു മാത്രമേ ലഭ്യമാകുന്നുള്ളു. പുതിയ രക്ത പരിശോധന സാധാരണ ആശുപത്രികളിലും ചെയ്യാൻ കഴിയുന്ന രീതിയിലാണ്. പരീക്ഷണത്തിൽ പങ്കെടുക്കുന്നവരിൽ പകുതി പേർക്ക് മൂന്ന് മാസത്തിനകം റിസൾട്ടും മറ്റുള്ളവർക്ക് ഒരു വർഷത്തിന് ശേഷവും റിസൾട്ട് നൽകും. ഇതിലൂടെ പരിശോധന രോഗിയുടെ ചികിത്സയിൽ എന്ത് മാറ്റം വരുത്തുന്നുവെന്നു പഠിക്കാനാണ് ലക്ഷ്യം.

രക്തത്തിലെ p-tau217 എന്ന പ്രോട്ടീൻ അളന്നാണ് പരിശോധന . പുതിയ പരിശോധനയുടെ കൃത്യത നിലവിലെ രീതിക്ക് സമാനമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ രോഗത്തിന്ന് നിരവധി പുതിയ മരുന്നുകൾ വിപണിയിലെത്തും. രോഗത്തെ തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ മരുന്നുകളുടെ ഫലപ്രാപ്തിയും വർദ്ധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കിയത് . പരീക്ഷണം വിജയകരമാകുന്ന പക്ഷം, എൻഎച്ച്എസിലൂടെ വ്യാപകമായി നടപ്പാക്കാനാണ് പദ്ധതി തയാറാക്കുന്നത് .